കടമ്പൂർ പഞ്ചായത്ത് നാലാം വാർഡിലെ മാറ്റിവെച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക മുഖ്യ വരണാധികാരി സ്വീകരിച്ചു

കാടാച്ചിറ: കടമ്പൂർ പഞ്ചായത്ത് നാലാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക മുഖ്യ വരണാധികാരി സ്വീകരിച്ചു. യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കുന്ന വി.കെ. റസാഖിന്റെ പത്രികയാണ് സ്വീകരിച്ചത്. നാലാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായ കെ. ഗിരീശൻ നൽകിയ പരാതിയെ തുടർന്നാണ് പത്രിക സ്വീകരിക്കുന്നത് നീട്ടിയത്.

റസാഖ് ഡയറക്ടറായിരുന്ന കാടാച്ചിറയിലെ സഹകരണ സൊസൈറ്റി 28 വർഷം മുൻപ് ഖാദി ബോർഡിൽ നിന്ന് ലോൺ എടുത്തിരുന്നു. ഇത് തിരിച്ചടക്കാത്തതിനാൽ നാല് വർഷം മുൻപ് ജപ്തി നടപടി വന്നിരുന്നുവെന്നും ഈ ബാധ്യത മറച്ചുവെച്ചാണ് പത്രിക നൽകിയതെന്നുമാണ് ഗിരീശൻ പരാതി നൽകിയത്. 19-ന് നാമ നിർദ്ദേശ പത്രിക പരിശോധിക്കുമ്പോൾ ഇക്കാരണത്താൽ റസാഖിന്റെ പത്രിക മാറ്റിവെച്ചു.

20-ന് വൈകീട്ട് മുമ്പ് മറുപടി സമർപ്പിക്കണമെന്നായിരുന്നു റയാഖിന് നൽകിയ നിർദ്ദേശം.

അഡ്വ: ടി.പി. ഹരീന്ദ്രൻ മുഖേന റസാഖ് മറുപടി നൽകി. റസാഖ് എടുത്ത ലോൺ വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും സൊസൈറ്റിയുടെ നിലവിലെ പ്രസിഡന്റ് ലോൺ അടവിന് സ്‌റ്റേ ഉത്തരവ് വാങ്ങിയിട്ടുെണ്ടന്നുമായിരുന്നു മറുപടി നൽകിയത്. ഇതിനെതിരെ ഗിരീശന്റെ അഡ്വക്കേറ്റ് രൂപേഷ് എതിർവാദമുഖങ്ങളുയർത്തി.

വരണാധികാരി നിയമോപദേശം തേടിയതിന് ശേഷം റസാഖിന്റെ പത്രിക സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെ തുടർന്ന് യു.ഡി.എഫ്. പ്രവർത്തകർ കാടാച്ചിറയിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ വി.കെ. റഫീഖ്, സനൽ കാടാച്ചിറ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: