കെ എം ഷാജിയുടെ അയോഗ്യത: സ്‌റ്റേ നീട്ടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ എം ഷാജിയെ എംഎല്‍എ സ്ഥനത്തുനിന്ന് അയോഗ്യനാക്കിയ നടപടി സ്‌റ്റേ ചെയ്തത് നീട്ടണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഷാജിയുടെ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ ആവശ്യം ഉന്നയിച്ചുള്ള ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. അയോഗ്യനാക്കിയ നടപടിക്കു പിന്നാലെ ഹൈക്കോടതി അനുവദിച്ച സ്‌റ്റേയുടെ കാലാവധി ഇന്നു പൂര്‍ത്തിയാകുന്നതിനാലാണു സ്‌റ്റേ നീട്ടിക്കിട്ടാന്‍ ഷാജി വീണ്ടും സമീപിച്ചത്. സുപ്രിംകോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും സ്‌റ്റേ അനുവദിച്ചിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന അടുത്ത ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഇനി ഹര്‍ജി പരിഗണിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും വര്‍ഗീയപ്രചാരണം നടത്തിയും വോട്ട് തേടിയെന്ന പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് അഴീക്കോട് എംഎല്‍എയായ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തുടര്‍ന്ന്, സുപ്രിംകോടതിയെ സമീപിക്കേണ്ടതിനാല്‍ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം അതേ ബെഞ്ച് തന്നെ അംഗീകരിക്കുകയും രണ്ടാഴ്ച സ്‌റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. സുപ്രിംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ നിയമസമഭയില്‍ പോവുന്നതിനു തടസ്സമില്ലെന്നും ആനുകൂല്യങ്ങള്‍ പറ്റരുതെന്നും വാക്കാല്‍ പറഞ്ഞെങ്കിലും രേഖമൂലം ലഭിക്കാതെ നിയമസഭയില്‍ പ്രവേശിക്കാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സ്റ്റേ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ച സുപ്രിംകോടതി ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യവും തള്ളിയിരുന്നു. ചൊവ്വാഴ്ച നിയമസഭ തുടങ്ങുമ്പോഴേക്കും സുപ്രിംകോടതിയില്‍ നിന്നു രേഖാമൂലമുള്ള പരാമര്‍ശം ലഭിച്ചില്ലെങ്കില്‍ ഷാജിയുടെ നിയമസഭാ പ്രവേശനത്തിനു തടസ്സമാവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: