ദേശീയ ആയുവേദ ദിനാചരണം നടത്തി

ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ തല ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്നതാണ് ഇത്തവണത്തെ ദിനാചരണ മുദ്രാവാക്യം. മഹാത്മാ മന്ദിരത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്കാരത്തിന്റെ അടയാളമായ ആയുർവേദത്തിൽ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് നിൽക്കുന്ന ചികിത്സാ രീതിയാണ് അനുവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയുർ രുചി 2022 എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് എക്സ്പോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസ , വീഡിയോ ഗ്രാഫി മത്സരങ്ങളും നടന്നു. സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, എം വി ആർ മെമ്മോറിയൽ ആയുർവേദ കോളേജിലെ വിദ്യാർഥികളുടെ വിഷശമന ഔഷധികളെ പരിചയപ്പെടുത്തുന്ന സ്റ്റാൾ, ഔഷധ സസ്യങ്ങളുടെ പ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ചടങ്ങിൽ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി വി ശ്രീനിവാസൻ അധ്യക്ഷനായി. ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ ഡി ആർ മേഘശ്രീ മുഖ്യാതിഥിയായി. ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ. ജോമി ജോസഫ് ആയുർവേദ ദിന സന്ദേശം നൽകി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. സി അജിത് കുമാർ, എം വി ആർ മെമ്മോറിയൽ ആയുർവേദ കേളേജ് പ്രെഫസർ കെ ജയദീപ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ജില്ലാ ഹോമിയോ ആശുപത്രി ആർ എം ഒ ഡോ. പി പി ഹരീഷ് കൃഷ്ണൻ, ജില്ലാ ആയുർവേദ ആശുപത്രിയിലെ സെക്രട്ടറി എം സഞ്ജയൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.പി പി അനൂപ് കുമാർ എന്നിവർ സംബന്ധിച്ചു.