ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. വാർത്തകളുമായി ആഷിയാന ചേരുന്നു
കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവർണറുടെ നിർദേശം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ് രംഗത്ത് വന്നു, ഗവർണർക്ക് ചാൻസലറായി പ്രവർത്തിക്കാനുള്ള അധികാരം നിയമസഭ നൽകിയതാണെന്ന് പി.രാജീവ് പറഞ്ഞു. ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് യുജിസി റെഗുലേഷനിൽ ഇല്ല. നിയമസഭ നൽകുന്ന പദവിയാണ് അത്. സർവകലാശാലയിൽ ഗവർണർക്ക് അധികാരമെന്നല്ല, ചാൻസലർക്ക് അധികാരമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. സർവകലാശാലയെ പറ്റി സംസാരിക്കുമ്പോൾ അവിടെ ഗവർണറില്ല, ചാൻസലർ മാത്രം. പിരിച്ചുവിടാനുള്ള അധികാരം എല്ലാവർക്കും ഉണ്ടെന്നും പി.രാജീവ് വ്യക്തമാക്കി. രണ്ട് ദിവസമായി താൻ ഭരണഘടന കൂടുതൽ പഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമമന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന ഗവർണറുടെ വിമശനത്തിനാണ് പി.രാജീവ് മറുപടി നൽകിയത്. ‘ഡോക്ട്രിൻ ഓഫ് പ്ലഷർ’ രാജവാഴ്ചയ്ക്ക് വേണ്ടി ബ്രിട്ടീഷ് നിയമപ്രകാരം ഉണ്ടാക്കിയതാണ്. അതുപയോഗിച്ച് പദവി ദുരുപയോഗം ചെയ്യുകയാണ് ഗവർണർ.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ച നേരിടുകയാണ് എന്ന വിമർശനത്തിനും പി.രാജീവ് മറുപടി നൽകി.
കേരളത്തിൽ നിന്ന് പോകുന്നവർക്ക് എല്ലാ രാജ്യത്തും ഉന്നത പദവി ലഭിക്കുന്നു. 138 രാജ്യങ്ങളിലെ മലയാളി സാന്നിധ്യം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ഇവിടെ വിദ്യാഭ്യാസം മോശമാണെങ്കിൽ കേരളത്തിന് പുറത്തുപോകുന്നവർക്ക് ഉന്നത പദവി ലഭിക്കുന്നതെങ്ങനെയെന്നും മന്ത്രി ചോദിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അതിന്റെ പ്രചാരകരാകുകയാണെന്നും പി.രാജീവ് വിമർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: