ആയുർവേദ ദിനാചരണം ഇന്ന്

കണ്ണൂർ: ഭാരതീയ ചികിത്സാവകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ആയുർവേദ ദിനാചരണം ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ നടന്നു.
കളക്ടറേറ്റ് പരിസരത്ത് ഡോ. വി. ശിവദാസൻ എം.പി. ഫ്ലാഗ് ഓഫ് ചെയ്തു. ആയുഷ് മിഷൻ ഡി.പി.എം. ഡോ. കെ.സി. അജിത്ത്, ജില്ലാ ആസ്പത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.വി. ശ്രീനിവാസൻ, ഡോ. പി.പി. അനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി. ഫ്ളാഷ് മോബും നടത്തി.
ഞായറാഴ്ച രാവിലെ 10-ന് കണ്ണൂർ മഹാത്മാമന്ദിരത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഔഷധസസ്യപ്രദർശനം, സൗജന്യ ഔഷധസസ്യ വിതരണം, ഹെൽത്തി ഫുഡ് എക്സിബിഷൻ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള മത്സരങ്ങൾ എന്നിവയുമുണ്ടാകും.