വിദേശ കറന്‍സികള്‍ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുന്ന നാലംഗ ബംഗ്ലാദേശി സംഘം അറസ്റ്റില്‍.

ഡോളറും റിയാലും ഉള്‍പ്പെടെ വിദേശ കറന്‍സികള്‍ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വിജനമായ സ്ഥലത്തേക്ക് വിളിപ്പിച്ച് പണം തട്ടുന്ന നാലംഗ ബംഗ്ലാദേശി സംഘം

അറസ്റ്റില്‍. ആയിക്കരയിലെ വാടക ക്വാട്ടേഴ്സില്‍ വച്ചാണ് സ്ത്രീയുള്‍പ്പെടെയുള്ളവരെ പിടികൂടിയത്. താഴെചൊവ്വയില്‍ ബേക്കറി നടത്തുന്ന മട്ടന്നൂര്‍ ആയിഷമന്‍സിലിലെ മുര്‍ഷിദ് കെ.വി, ബസ്സ് സ്റ്റാന്റില്‍ കച്ചവടം നടത്തുന്ന കൊറ്റാളി സ്വദേശി ശഹദ് പി.പി എന്നിവരെ അടിച്ചുവീഴ്ത്തി പണം തട്ടിയ സംഘമാണ് പിടിയിലായത്. ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാലാട് വിളിച്ചുവരുത്തി ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
കടലാസ് ബണ്ടിലാക്കി മുകളിലും താഴെയും ഡോളര്‍ വച്ചാണ് ഇവരെ കബളിപ്പിച്ചത്. വഞ്ചനയാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. മുര്‍ഷിദില്‍ നിന്ന് 2,90000 രൂപയും ശഹദില്‍ നിന്ന് ഒരുലക്ഷം രൂപയുമാണ് കവര്‍ന്നത്. ബംഗ്ലാദേശിലെ ഭഗവല്‍ഗഞ്ച് ജില്ലയിലെ മുഹമ്മദ് സയിഫുള്‍ ഇസ്ലാം സാഗര്‍(25), മൊറൂല്‍ ഗഞ്ച് ഡംങ്കി വംഗയിലെ റസാഖ് ഖാന്‍ (24), മാതാരി ഉഫര്‍ ചിബ്സോറിലെ മുഹമ്മദ് ലബലു (45), കുന്നാറിലെ ബേബി ബീഗം(40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ കയ്യില്‍ നിന്ന് 20 ഡോളറിന്റെ 21 അമേരിക്കന്‍ കറന്‍സി നൂറിന്റെ സൗദി റിയാല്‍ 15 എണ്ണവും 50 സൗദിറിയാല്‍ റിയാലിന്റെ രണ്ടെണ്ണവും അഞ്ഞൂറ് റിയാലിന്റെ ഒരു കറന്‍സിയും പിടിച്ചെടുത്തു. കൂടാതെ മൂന്ന് ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകളും ഒരു പാന്‍ കാര്‍ഡും പിടിച്ചെടുത്തവയില്‍ പെടുന്നു. ഇവര്‍ ഒരുമാസമായി കണ്ണൂരില്‍ എത്തി തട്ടിപ്പും പിടിച്ചുപറിയും നടത്തിവരികയായിരുന്നു. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. അഞ്ഞൂറിന്റെ ഒരു കെട്ട് ഇന്ത്യന്‍ കറന്‍സിയും പിടിച്ചെടുത്തവയില്‍പെടുന്നു. ഇത് 54000 രൂപ വരും.
കൈവശമുള്ള വിദേശ കറന്‍സിയെക്കുറിച്ച് ഒന്നുമറിയാത്തതുപോലെ നടിച്ച് ഷോപ്പുകളില്‍ എത്തുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇതുപോലുള്ള ഒരുപാട് കറന്‍സിയുണ്ടെന്ന് വിശ്വസിപ്പിക്കുകയും കടലാസ് ബണ്ടിലിന് മുകളിലും താഴെയും മാത്രം കറന്‍സികള്‍ വച്ച് കബളിപ്പിക്കുകയുമാണ് രീതി. മാധ്യമ പ്രവര്‍ത്തകന്‍ വിനോദ്ചന്ദ്രന്റെ വീട്ടില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ വ്യാപകമായ പരിശോധന നടത്തുന്നതിനിടെയാണ് തട്ടിപ്പും കൊള്ളയും പതിവാക്കിയ സംഘം വലയിലാകുന്നത്. വിനോദ് ചന്ദ്രന്റെ വീട്ടില്‍ കൊള്ളനടത്തിയ സംഘവുമായി അടുത്തബന്ധമുള്ളവരാണ് പിടിയിലായവര്‍. ഡിവൈഎസ്പി പി.പി. സദാനന്ദന്റെ മേല്‍നോട്ടത്തില്‍ സിറ്റി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ ശ്രീഹരി എന്നിവരുള്‍പ്പെട്ട സംഘമാണ് തട്ടിപ്പുസംഘത്തെ അറസ്റ്റുചെയ്തത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, അജയന്‍, രാഗേഷ്, എ.എസ്.ഐ ദിവാകരന്‍, സി.പി.ഒ അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: