ടാങ്കർ ലോറികളുടെ പരക്കം പാച്ചിലിൽ ഉറക്കം നഷ്ടപ്പെട്ട് ചാല

ചാല: പാതിരാത്രിയിലെ ടാങ്കർ ലോറികളുടെ പരക്കം പാച്ചിലിൽ ഉറക്കം നഷ്ടപ്പെട്ട് ജനം. താഴെചൊവ്വ–ചാല–നടാൽ–എടക്കാട് ബൈപാസിനരികിൽ താമസിക്കുന്നവരാണു ടാങ്കർ ലോറികളുടെ പരക്കം പാച്ചിലിൽ ഭീതിയിൽ കഴിയുന്നത്.പാചക വാതക ടാങ്കർ ലോറികളുടെ അമിതവേഗവും നിയമം ലംഘിച്ചുകൊണ്ടുള്ള ഓട്ടവുമാണു കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. 2012 ൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു പ്രദേശമാകെ കത്തിനശിച്ച് 20 പേർ മരിച്ച സംഭവം ഇന്നും ജനങ്ങളെ പേടിപ്പെടുത്തുന്നുണ്ട്. ഇന്നലെ പുലർച്ചെ 3.30നു ചാലക്കുന്നിൽ പാചക വാതക ടാങ്കർ ലോറി മറ്റൊരു ഗ്യാസ് ടാങ്കറിലും സിമന്റ് കൊണ്ടുപോകുന്ന ലോറിയിലും ഇടിച്ചുണ്ടായ അപകടത്തെ തുടർന്നു പ്രദേശം മുഴുവൻ പരിഭ്രാന്തിയിലായിരുന്നു. ഗ്യാസ് നിറയ്ക്കാനായി മംഗളൂരുവിലേക്ക് പോയ ലോറിയും, ഗ്യാസ് നിറച്ചു കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയും, കണ്ണൂർ ഭാഗത്തേക്കു സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മംഗളൂരുവിലേക്ക് ഗ്യാസ് നിറയ്ക്കാൻ പോയ ലോറി അതേ ദിശയിൽ സിമന്റുമായി പോകുകയായിരുന്ന ലോറിയെ അമിതവേഗത്തിൽ മറി കടക്കുമ്പോഴാണു നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളിൽ ഇടിച്ചത്. ശബ്ദം കേട്ടു പരിസരവാസികൾ ഞെട്ടിയുണർന്നു റോഡിലെത്തി നോക്കിയപ്പോഴാണ് അപകടത്തിൽപ്പെട്ടതിൽ പാചകവാതക ടാങ്കർ ലോറികളും ഉണ്ടെന്നു കണ്ടത്. അതോടെ, പഴയ അപകടത്തിന്റെ ഓർമയിൽ പരിഭ്രാന്തിയേറി. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും എടക്കാട് പൊലീസും ഗ്യാസ് ചോർച്ചയില്ലെന്നു സ്ഥിരീകരിച്ചതോടെയാണു നാട്ടുകാർക്ക് ആശ്വാസമായത്.ഇന്നലെ രാവിലെ ഏഴോടെ വളപട്ടണത്തു നിന്നു ഖലാസികൾ എത്തിയാണു ലോറികൾ നീക്കിയത്. അതുവരെ ബൈപാസിൽ ഗതാഗതം സ്തംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: