കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പും അതേ ദിവസം

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് എന്നിവയുടെ തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24ന് വോട്ടെണ്ണും. ഈ മാസം 27ന് വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പണം ഒക്ടോബര്‍ 4 വരെയാണ്.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ ഉപതെരഞ്ഞെടുപ്പ്.
കശ്മീരും രാജ്യ സുരക്ഷയും ദേശീയതയുമൊക്കെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമം. നിലവിലെ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിയ്ക്ക് 122 സീറ്റുകളുണ്ട്. ശിവസേനയ്ക്ക് 63, കോണ്‍ഗ്രസിന് 42 നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 41 മറ്റുള്ളവ 20 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.
ഭരണ കക്ഷിയായ ബി.ജെ.പിയും സഖ്യകക്ഷിയായ ശിവസേനയും പ്രചാരണം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വോട്ടര്‍മാരിലേക്കെത്താന്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് മഹാ ജന്‍ ആദേശ് യാത്ര സംഘടിപ്പിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേറിട്ടാണ് മത്സരിച്ചത്. സീറ്റ് പങ്കുവെയ്ക്കുന്നതിലെ തര്‍ക്കമാണ് വേറിട്ട് മത്സരിക്കാന്‍ കാരണമായത്.
ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജന്‍ ആശിര്‍വാദ് യാത്ര ആഗസ്റ്റ് 18 ആരംഭിക്കുകയും പ്രചരണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു.
നിലവില്‍ സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സീറ്റുകള്‍ തുല്യമായി വീതിച്ച കോണ്‍ഗ്രസിനും എന്‍.സി.പിക്കും എങ്ങനെയാണ് മഹാരാഷ്ട്രയില്‍ ഈ തെരഞ്ഞെടുപ്പിനെ മറകടക്കാനാവുക എന്നും കാണേണ്ടതുണ്ട്. നിലവില്‍ ശിവസേനയും ബി.ജെ.പിയും തമ്മിലും സീറ്റ് തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ ഫലം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോടുള്ള പ്രതികരണം കൂടിയാവും ഈ തെരഞ്ഞെടുപ്പ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: