‘വിരട്ടല്‍ വേണ്ട, അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി’; ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

പാലാ: വൈദ്യുതി ബോര്‍ഡില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, തന്റെ പരാമര്‍ശം ചെന്നിത്തലയെ വേവലാതിപ്പെടുത്തുന്നതെന്തിനാണെന്നു ചോദിച്ചു.
വിരട്ടല്‍ വേണ്ട, അതങ്ങു മനസ്സില്‍ വെച്ചാല്‍ മതിയെന്നും പാലായിലെ കൊട്ടിക്കലാശത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ക്രമക്കേട്, കിയാല്‍ ഓഡിറ്റ്, ട്രാന്‍സ്ഗ്രിഡ് അഴിമതി തുടങ്ങി വലിയ ആരോപണങ്ങളാണ് ചെന്നിത്തല നേരത്തേ ഉന്നയിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സി.എ.ജി ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത് അഴിമതി മൂടിവെക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.ഐ.എം നേതാക്കളുടെ മക്കളെ അനധികൃതമായി കിയാലില്‍ നിയമിച്ചിരിക്കുകയാണ്.ഓഡിറ്റിങ്ങിന് അനുമതി ലഭിച്ചാല്‍ ഈ അഴിമതിയെല്ലാം പുറത്തുവരുമെന്ന ഭയംകൊണ്ടാണ് സി.പി.ഐ.എമ്മും സര്‍ക്കാരും സമ്പൂര്‍ണ സി.എ.ജി ഓഡിറ്റിങ്ങിന് അനുമതി നല്‍കാത്തത് എന്നാണ് ചെന്നിത്തല ആരോപിച്ചത്.
അഞ്ചു കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ കിഫ്ബി തുക വകമാറ്റി ചെലവാക്കി എന്നാണ് കിഫ്ബിക്കെതിരെ പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചത്.11 ലക്ഷം രൂപയുടെ ചിലവ് വരുന്ന മണ്ണു മാറ്റല്‍ പദ്ധതി 1.11 കോടി രൂപയ്ക്കാണ് കിഫ്ബി നടപ്പാക്കിയത്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാവുമോ എന്നും കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബിയുടെ നടത്തിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും ഇതിനോടൊപ്പം പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമേ കിഫ്ബി വഴി നടപ്പാക്കാനുദ്ദേശിച്ചിരുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണ് ട്രാന്‍സ് ഗ്രിഡ്.
പതിനായിരം കോടിയുടെ പദ്ധതിയായിരുന്നു ആദ്യം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തികള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.ട്രാന്‍സ് ഗ്രിഡ് പദ്ധിതിയുടെ ഭാഗമായി നടപ്പാക്കാനിരുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈസന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ പല ഇടപാടുകളും നടന്നിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നായിരുന്നു വൈദ്യുതിമന്ത്രി എം.എം മണിയുടെ പ്രതികരണം. നെഹ്‌റുവിനു ശേഷം കോണ്‍ഗ്രസിലാകെ തട്ടിപ്പും അഴിമതിയുമാണെന്നും ഈ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താന്‍ നോക്കേണ്ടെന്നും മണി പറഞ്ഞു.വൈദ്യുതി വകുപ്പിന്റെ മുഴുവന്‍ കണക്കും ഓഡിറ്റ് ചെയ്യുന്നതാണ്. എന്തു പറഞ്ഞാലും സി.ബി.ഐ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്താക്ഷേപം ഉണ്ടെങ്കിലും രേഖാമൂലം പരാതി കൊടുക്കട്ടെ.’- മന്ത്രി പാലായില്‍ മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: