കണ്ണൂരിലെമാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച ; പ്രതികളെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചു

കണ്ണൂർ: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട് ആക്രമിച്ച് കെട്ടിയിട്ട് കവര്‍ച്ച ചെയ്ത സംഭവത്തില്‍ നിര്‍ണായക

വിവരം ലഭിച്ചു. പ്രതികള്‍ എത്തിയ വഴിയും അവര്‍ തമ്പടിച്ച സ്ഥലവും പോലീസ് തിരിച്ചറിഞ്ഞു.

മോഷണസംഘം തലേദിവസം തന്നെ കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ചതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ആറാംതീയതിയാണ് കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. അഞ്ചിന് വൈകിട്ടാണ് ഇവര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ഈ സംഘത്തിന്റെ ഒത്തുചേരലില്‍ അവിടെയുണ്ടായിരുന്ന ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. അന്വേഷിച്ചപ്പോള്‍ എറണാകുളത്ത് വെള്ളപ്പൊക്കമായതിനാലാണ് കണ്ണൂരിലേക്ക് വന്നതെന്നായിരുന്നു വിശദീകരണം. ഇതില്‍നിന്ന് സംഘം എറണാകുളത്തുനിന്നാകും കണ്ണൂരിലേക്ക് വന്നതെന്ന നിഗമനത്തിലാണ് പോലീസ്.

ഇതേസംഘം നേരത്തേ കവര്‍ച്ച നടത്തിയതും എറണാകുളത്തായിരുന്നു. കണ്ണൂര്‍ സിറ്റിയില്‍തന്നെ തമ്പടിച്ചതും എല്ലാവരും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഒന്നിച്ചതും എന്തെങ്കിലും പ്രാദേശിക സഹായത്തോടെയാണോയെന്നും സംശയമുണ്ട്.
ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്ന് ടെലികോം കമ്പനികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കമ്പനികള്‍ വിവരം നല്‍കാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തിലാണിത്. അടുത്തദിവസം തന്നെ സമീപപ്രദേശത്തെയടക്കം ടവറുകളുടെ വിശദാംശങ്ങള്‍ പോലീസിന് ലഭിക്കും. ഇത് പരിശോധിക്കാനാവശ്യമായ പോലീസിലെ തന്നെ വിദഗ്ധരെ മറ്റു ജില്ലകളില്‍നിന്ന് കണ്ണൂരിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: