വാഹനപ്പെരുപ്പത്തിൽ പെട്ട് കണ്ണൂർ നഗരത്തിലെ റോഡുകളിൽ നിന്നും അപ്രത്യക്ഷമായ സൈക്കിൾ സവാരി തിരികെ വരുന്നു
കണ്ണൂരിലെ നിര്ദിഷ്ട സൈക്കിൾ ട്രാക്കിന്റെയും നടപ്പാതയുടെയും രൂപരേഖ.
ഇന്ധന വിനിയോഗവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാനും യാത്രക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്താനുമായി സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ വിവിധ സംഘടനകൾ കാലങ്ങളായി പ്രചാരണം നടത്തുന്നുണ്ടെങ്കിലും മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതും വീതികുറഞ്ഞ റോഡുകളിൽ മോട്ടോർ വാഹനങ്ങളുടെ പെരുപ്പത്തിനിടെ സൈക്കിളുകൾക്കു സുരക്ഷ ഉറപ്പാക്കാനാവാത്തതും തടസ്സങ്ങളായി.
ഇതു പരിഹരിക്കാനുള്ള ആദ്യപടിയായാണ് അമൃത് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി നഗരത്തിൽ മൂന്നു കിലോമീറ്ററോളം നീളത്തിൽ സൈക്കിളുകൾക്കു മാത്രമായി പ്രത്യേക ട്രാക്ക് കോർപറേഷൻ ഒരുക്കുന്നത്. അടുത്ത ദിവസം ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം ഇതിന് അന്തിമ രൂപം നൽകിയേക്കും. വിദ്യാർഥികൾക്കു കൂടുതൽ സൗകര്യപ്രദമായ റൂട്ടിലാണ് ആദ്യഘട്ടത്തിൽ സൈക്കിൾട്രാക്ക് ഒരുക്കുക.
ഏതാണ്ട് ആറു കിലോമീറ്റർ നടപ്പാതയും മൂന്നു കിലോമീറ്റർ സൈക്കിൾ ട്രാക്കുമാണു നിർമിക്കുക. 7.41 കോടി രൂപയുടെ പദ്ധതിയിൽ 50 ശതമാനം തുക കേന്ദ്ര സർക്കാർ നൽകും. 30 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം കോർപറേഷനും വഹിക്കും.1.20 മീറ്റർ മുതൽ 1.80 മീറ്റർ വരെയാണു നടപ്പാതയുടെ വീതി. സൈക്കിൾ ട്രാക്കിന് 2.2 മീറ്റർ വീതിയുണ്ടാകും. നിലവിലേതു നവീകരിച്ചു മോടി കൂട്ടിയാണു പുതിയ നടപ്പാത ഒരുക്കുക. പുതിയ ബസ് സ്റ്റാൻഡ് മുതൽ പയ്യാമ്പലം വരെ റോഡിന്റെ ഒരു വശത്തെ പഴയ നടപ്പാതയാണു സൈക്കിൾ ട്രാക്കാക്കി മാറ്റുക.
സ്ഥലങ്ങളെക്കുറിച്ചു സൂചനാ ബോർഡുകളും വെളിച്ചസംവിധാനവും ഒരുക്കും. ഡിസംബറോടെ നിർമാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് കോർപറേഷൻ പരിധിയിൽ നിലവിൽ അത്യാധുനിക നടപ്പാതയുണ്ട്. സൈക്കിൾ ട്രാക്ക് സംവിധാനം കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷനിലാണു നടപ്പാക്കുന്നത്.
നടപ്പാത വരുന്ന വഴി
ഗാന്ധി സ്ക്വയർ – കെഎസ്ആർടിസി പരിസരം 300 മീറ്റർ
എകെജി ആശുപത്രി – ഗാന്ധി സ്ക്വയർ 1,030 മീറ്റർ
മനോരമ തായത്തെരു ജംക്ഷൻ – ബിപിസിഎൽ പെട്രോൾ പമ്പ് ജംക്ഷൻ 550 മീറ്റർ
ഗാന്ധി സ്ക്വയർ – പൊലീസ് ക്ലബ് 360 മീറ്റർ
കെഎസ്ആർടിസിയുടെ മുൻവശം 215 മീറ്റർ
പ്രസ് ക്ലബ് റോഡ് 775 മീറ്റർ
ക്രോസ് റോഡ് (പരേഡ് ഗ്രൗണ്ട് – സ്റ്റേഡിയം) 300 മീറ്റർ
സബ് ജയിൽ റോഡ് 185 മീറ്റർ
പഴയ ബസ് സ്റ്റാൻഡ് – കോർപറേഷൻ ഓഫിസ് – ഗാന്ധി സ്ക്വയർ 800 മീറ്റർ
താവക്കര ജംക്ഷൻ – പുതിയ ബസ് സ്റ്റാൻഡ് 665 മീറ്റർ
ബസ് സ്റ്റാൻഡ് ജംക്ഷൻ – പ്ലാസ ജംക്ഷൻ – റെയിൽവേ സ്റ്റേഷൻ 500 മീറ്റർ
പ്ലാസ ജംക്ഷൻ – എംജി റോഡ് ജംക്ഷൻ – പ്രഭാത് ജംക്ഷൻ 560 മീറ്റർ
സൈക്കിളോടുന്ന വഴി
താവക്കര പുതിയ ബസ് സ്റ്റാൻഡ് മുതൽ പയ്യാമ്പലം വരെ 2910 മീറ്ററാണു സൈക്കിൾ ട്രാക്ക് ഉദ്ദേശിക്കുന്നത്. സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് – സെൻട്രൽ സ്കൂൾ – ആർമി സ്കൂൾ – പയ്യാമ്പലം ടൗൺ ഗേൾസ് സ്കൂൾ – ഉർസുലിൻ സ്കൂൾ – ഗവ. ടിടിഐ വിമൻ വഴി പയ്യാമ്പലം. സ്കൂൾ വിദ്യാർഥികളോടൊപ്പം പയ്യാമ്പലത്തെ വിനോദസഞ്ചാരികളെയും ആകർഷിക്കുക ലക്ഷ്യം. കന്റോൺമെന്റ് പ്രദേശം കൂടി ഉൾപ്പെട്ടതിനാൽ അവരുമായി ചർച്ച നടത്തി വരികയാണ്.