ക്ഷേത്രകമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണം,​ യുവതി പ്രവേശനത്തിന് മുന്‍കൈ എടുക്കേണ്ടെന്നും സി.പി.എം

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കൈ എടുക്കേണ്ട ആവശ്യമില്ലെന്ന് യോഗത്തില്‍ തീരുമാനമായി. വിശ്വാസികളുടെ വികാരം മാനിക്കണം. പ്രാദേശിക ക്ഷേത്രക്കമ്മിറ്റികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമാകണം. വിശ്വാസികളുടെ വികാരം മാനിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്നും വിവാദ നിലപാടുകളില്‍ പാര്‍ട്ടിയുമായി അകലരുതെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.കഴിഞ്ഞ ദിവസത്തെ യോഗത്തിന്റെ ചര്‍ച്ചയില്‍ സി.പി.എം മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാരെങ്കിലും മുഖം തിരിക്കുന്നെന്നും അതുപോലെ വീടുകളില്‍ നിന്നുള്ള നിര്‍ബന്ധിത പിരിവ് പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നുണ്ടെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. പിരിവ് തരാത്തവരെ വെറുപ്പിക്കരുതെന്ന ശക്തമായ നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കണം. പിരിവിന് ചെല്ലുന്നവര്‍ വീട്ടുകാരോട് വിനയത്തോടെ പെരുമാറണം. പിരിവ് തരാതിരിക്കുകയോ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവരോട് തട്ടിക്കയറുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു. പിരിവ് തരാത്ത വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ അരുത്. വീടുകളില്‍ വിവാഹം പോലുള്ള ചടങ്ങുകളിലെല്ലാം പാര്‍ട്ടിപ്രവര്‍ത്തകരുടെ സജീവസാന്നിദ്ധ്യമുണ്ടാകണം. നേതാക്കളുടെ പെരുമാറ്റത്തില്‍ മേല്‍ത്തട്ടിലടക്കം മാറ്റം വേണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: