നക്ഷത്ര ആമയുമായി നാലംഗസംഘം പയ്യന്നൂരിൽ പിടിയിൽ

പയ്യന്നൂർ (കണ്ണൂർ): വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നക്ഷത്ര ആമയുമായി നാലംഗ സംഘത്തെ പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. രാമന്തളി സ്വദേശി മുഹമ്മദ് മുജീബ് (20) പുതിയങ്ങാടി സ്വദേശികളായ ഇ.ഷിബുലി (20), വി.വി സാദിഖ് (19), ആലപ്പുഴ സ്വദേശിനിയും ഗുജറാത്തിൽ താമസക്കാരിയുമായ ബെക്സി ബിനോയി (19) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. രാമന്തളി കണ്ണങ്ങാട്ടിന് സമീപത്തെ വീട്ടിൽ നിന്നാണ് 4 പേരെയും പൊലിസ് പിടികൂടിയത്. അടച്ചിട്ട വീട്ടിൽ അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും വീട്ടിൽ എത്തി പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ എത്തിയ പൊലീസിന് കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ ആമയെ കണ്ടെത്തിയത്. പ്രതികൾ എല്ലാവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. നാല് പേരെയും വനംവകുപ്പിന് കൈമാറും.എസ്.ഐ രാജീവൻ, ഷൈജു, മനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: