കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിനെ സ്ഥലംമാറ്റി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും കണ്ണൂര്‍ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് ജീവനക്കാരനുമായ പി.കെ.രാഗേഷിനെ ജില്ലാ ബാങ്ക് പേരാവൂര്‍ ശാഖയിലേക്ക് സ്ഥലംമാറ്റി. ഓര്‍ഡര്‍ ലഭിച്ച വ്യാഴാഴ്ചതന്നെ റിലീവ് ചെയ്യണമെന്നാണുത്തരവ്. അതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്.പി.കെ.രാഗേഷ് യു.ഡി.എഫുമായി അടുക്കുകയും അവിശ്വാസപ്രമേയത്തിലൂടെ എല്‍.ഡി.എഫിന് മേയര്‍സ്ഥാനം നഷ്ടപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരമാണ് സ്ഥലംമാറ്റമെന്ന് ആരോപണമുണ്ട്. ഡെപ്യൂട്ടി മേയര്‍ ചുമതലയുള്ള പി.കെ.രാഗേഷിനെ നഗരത്തില്‍നിന്ന്‌ 50 കിലോമീറ്റര്‍ അകലെയുള്ള പേരാവൂരിലേക്കുമാറ്റിയത് ബുദ്ധിമുട്ടിക്കാന്‍ മാത്രമാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തുന്നു.ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസപ്രമേയവും മേയര്‍തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍, പി.കെ.രാഗേഷിനെ സ്ഥലംമാറ്റിയതില്‍ എതിര്‍പക്ഷം ചില ലക്ഷ്യങ്ങള്‍ കാണുന്നുണ്ട്.പള്ളിക്കുന്ന് സഹകരണബാങ്കില്‍ ക്രമക്കേട് നടന്നതായുള്ള സഹകരണവകുപ്പിന്റെ അന്വേഷണോത്തരവ് വ്യാഴാഴ്ചയാണ്‌ ഹൈക്കോടതി സ്റ്റേചെയ്തത്. നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച്‌ ഒരുവര്‍ഷംമുമ്ബ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.രാഷ്ട്രീയപ്രതികാരം തീര്‍ക്കാന്‍ സഹകരണവകുപ്പിനെക്കൊണ്ട് അന്വേഷണംനടത്തി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം കൊണ്ടുവരാനാണ് നീക്കമെന്ന് പി.കെ.രാഗേഷ് ആരോപിച്ചിരുന്നു.അതിനിടെ, ഡെപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസപ്രമേയം വരാനിരിക്കെ പി.കെ.രാഗേഷിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താനുള്ള നീക്കത്തിലാണ് എല്‍.ഡി.എഫ്. യു.ഡി.എഫില്‍നിന്ന് ഒരാളെങ്കിലും മാറുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. യു.ഡി.എഫില്‍നിന്ന് ഒരാള്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തതിനെത്തുടര്‍ന്നാണ് മുന്‍പ് സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനായി സി.പി.ഐ.യിലെ വെള്ളോറ രാജന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന്‌ ലീഗിലെ ഒരംഗത്തിന് സംഭവിച്ച പിഴവായിരുന്നു കാരണം. ഇക്കുറിയും ‘പിഴവുകള്‍’ പ്രതീക്ഷിച്ചാണ് എല്‍.ഡി.എഫ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: