തലശ്ശേരി പൈതൃക പദ്ധതി ശിൽപശാലക്ക് തുടക്കം


തലശ്ശേരി പൈതൃക പദ്ധതി പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാൻ കണ്ണൂർ ഡി ടി പി സി, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത അക്രഡിറ്റഡ് ടൂർ ഗൈഡുമാർക്കുള്ള പരിശീലനം തലശ്ശേരിയിൽ ആരംഭിച്ചു. ദ്വിദിന ശിൽപശാല തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനംചെയ്തു.സംസ്ഥാന ടൂറിസം വകുപ്പ് കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെ യോജിപ്പിച്ചാണ് തലശ്ശേരി പൈതൃക ടൂറിസംപദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രചരണം ലക്ഷ്യമാക്കിയാണ് ശിൽപശാലയും പദ്ധതി പ്രദേശ സന്ദർശനവും മ്യൂസിയം വിദഗ്ധരുടെ പാനൽ ചർച്ചയും നടക്കുന്നത്. പൈതൃക പദ്ധതിയിൽ പൂർത്തീകരിച്ചുവരുന്ന ഹെറിറ്റേജ് സൈറ്റുകളെയും മ്യൂസിയങ്ങളെയും ടൂറിസം വിപണന ശൃംഖലകൾക്ക് പരിചയപ്പെടുത്തുകയും വിദഗ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആധുനിക രീതിയിലുള്ള, വിപുലമായ വിജ്ഞാനശേഖരവുമുള്ള മ്യൂസിയങ്ങൾ സജ്ജമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.ചടങ്ങിൽ അഡ്വ. എഎൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. പദ്ധതിയുമായി ബന്ധപ്പെട്ട കൈപ്പുസ്തകം എഎൻ ഷസീർ എംഎൽഎ, സബ്കലക്ടർ അനുകുമാരിക്ക് നൽകിപ്രകാശനം ചെയ്തു. മലബാർ പൈതൃകം എന്ന വിഷയത്തിൽ ചരിത്ര ഗവേഷകൻ കെ കെ മാരാർ, മലബാറിന്റെ ചരിത്രം, കലാസംസ്‌കാരം, നാടോടികലകൾ എന്ന വിഷയത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജ് മുൻ ചരിത്രവിഭാഗം മേധാവി ഡോ. എ വത്സലൻ, മ്യൂസിയങ്ങൾ പഴശ്ശി സർക്യൂട്ട് എന്ന വിഷയത്തിൽ ന്യൂഡൽഹി നാഷണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി മുൻ ഡയറക്ടർ ഡോ. ബി വേണുഗോപാൽ, പൈതൃക ചുമർചിത്രകല, മലബാർ ശൈലി എന്ന വിഷയത്തിൽ കാലടി സംസ്‌കൃത യൂണിവേഴ്സിറ്റിയിലെ പൈതൃക ചുമർ ചിത്രകാലാപഠന വിഭാഗം തലവൻ ഡോ. സാജു തുരുത്തിൽ, മ്യൂസിയം കേന്ദ്രീകരിച്ച് ഹെറിറ്റേജ് സർക്യൂട്ടുകൾ എന്ന വിഷയത്തിൽ മ്യൂസിയം ക്യുറേറ്റർ യോഗേഷ് ശ്രീനിവാസൻ എന്നിവർ വിഷയാവതരണം നടത്തി. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ മുഖ്യാതിഥിയായി. ടൂറിസം വകുപ്പ് റീജ്യണൽ ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡി ടി പി സി സെക്രട്ടറി ജെ.കെ ജിജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി ജുലൈ 24 ഞായറാഴ്ച ഗുണ്ടർട്ട് മ്യൂസിയം, തലശ്ശേരി ഫോർട്ട്, സെന്റ്. ജോൺസ് ആഗ്ലിക്കൻ ചർച്ച്, ജഗന്നാഥ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, തൊടീക്കളം ക്ഷേത്രം, പഴശ്ശി സ്മൃതിമണ്ഡപം (പടിഞ്ഞാറെ കോവിലകം), കൊട്ടിയൂർ മഹാദേവക്ഷേത്രം, മക്രേരി ക്ഷേത്രം എന്നിവ സംഘം സന്ദർശിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: