ചിറക്കലിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വളപട്ടണം: സ്കൂൾ യാത്രക്കിടെ റെയിൽവെ ഗെയിറ്റ് അടച്ചതിനെ തുടർന്ന് കാറിൽ നിന്നും ഇറങ്ങി ലെവൽ ക്രോസ് മറിക്കടക്കവെ വിദ്യാർത്ഥിനി അബദ്ധത്തിൽ തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാ ഭവൻ പ്ലസ് വൺ വിദ്യാർത്ഥിനി അലവിൽ നുച്ചി വയൽ സ്വദേശിനി രാം ഭവനിൽ നന്ദിത (16) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം. ഹോമിയോ ഡോക്ടറും ഇപ്പോൾ പരിയാരം ഗവ.മെഡിക്കൽ കോളേജ് ഓഫീസ് ജീവനക്കാരിയുമായ ലിസി- പരേതനായ പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻകിഷോർ ദമ്പതികളുടെ ഏക മകളാണ്.
രാവിലെ അമ്മയോടൊപ്പം കാറിൽ സ്കൂൾ ബസ് എത്തുന്ന ചിറക്കൽ രാജാസ് സ്കൂളിന് സമീപത്തേക്ക് പുറപ്പെട്ടതായിരുന്നു.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് വൈകി 7.45 ഓടെയാണ് എത്തിയിരുന്നത്. അടഞ്ഞ റെയിൽവെ ഗെയിറ്റ് കണ്ടതിനാൽ കുട്ടി കാറിൽ നിന്നിറങ്ങി അമ്മയോട് യാത്ര പറഞ്ഞ് റെയിൽ ക്രോസ് ചെയ്യുമ്പോഴേക്കും തീവണ്ടി സ്ഥലത്തെത്തിയതോടെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടി കൂടിയ നാട്ടുകാർ ഉടൻ എ.കെ.ജി ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.