പ്രതികരണ വേദിയുടെ പോരാട്ടം ഫലം കണ്ടു; മണൽ മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ കെ.എം രാജന്റെ മകന് ജോലി നൽകുവാൻ സർക്കാർ തീരുമാനം

5 / 100 SEO Score

തളിപ്പറമ്പ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ മണൽ മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ എസ്‌.ഐ കെ.എം രാജന്റെ മകൻ സന്ദീപിന് സർക്കാർ ജോലി നൽകുവാൻ തീരുമാനം. 2015 -ൽ ആയിരുന്നു അന്നത്തെ പരിയാരം എസ്.ഐ ആയിരുന്ന രാജനു നേരെ മണൽ മാഫിയയുടെ ആക്രമണം ഉണ്ടായത്.

നാട്ടുകാർക്ക് പ്രിയങ്കരനും കള്ളന്മാർക്ക് പേടി സ്വപ്നവുമായിരുന്നു എസ്.ഐ രാജൻ. എന്തിനും ഏതിനും മുഖം നോക്കാതെ നടപടി കൈക്കൊള്ളുന്ന നട്ടെല്ലുള്ള പൊലീസ് ഉദ്യോഗസ്ഥൻ. അങ്ങനെയിരിക്കെയാണ് 2015 മെയ് മാസത്തിൽ രാജന്റെ ജീവിതം തകർത്തെറിഞ്ഞ ആ സംഭവം ഉണ്ടായത്. നിയമലംഘനം നടത്തിപ്പോവുകയായിരുന്ന ഒരു മണൽക്കടത്ത് ലോറിക്ക് കൈകാണിച്ചതായിരുന്നു രാജൻ. എന്നാൽ ഈ സംഘം അദ്ദേഹത്തെ ലോറിക്കുള്ളിൽ വലിച്ചിഴച്ച്, ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ജാക്കി ലിവർ കൊണ്ട് അദ്ദേഹത്തെ തലക്കടിച്ചു വീഴ്ത്തി. മരിച്ചുവെന്നു കരുതി മണൽക്കടത്തുകാർ രക്ഷപ്പെടുകയായിരുന്നു. അന്നുമുതൽ അദ്ദേഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് തുല്യതയില്ലാത്തത്രയുമാണ്. അന്നത്തെ സംഭവത്തിൽ അദ്ദേഹത്തിന്റെ നട്ടെല്ലിനായിരുന്നു ഗുരുതര പരിക്കേറ്റിരുന്നത്. ജീവിതം കനത്ത പ്രതിസന്ധിയിലായ രാജന്റെ ആശ്രിതരായ ഭാര്യയ്ക്കോ മകനോ സർക്കാർ സർവ്വീസിൽ ജോലി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി. മോഹൻദാസ് അന്ന് ഉത്തരവിട്ടിരുന്നു. ‘പ്രതികരണവേദി’യുടെ പ്രവർത്തകൻ വളപട്ടണം സ്വദേശി ടി.പി മുജീബ് റഹ്മാനാണ് ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നത്. വേദി പ്രവർത്തകരായ അലി സയ്യിദ്, അദീബ് എന്നിവരും ഈ പോരാട്ടത്തിന് മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനൊരു ജോലി എന്ന സ്വപ്നമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭയുടേതാണ് തീരുമാനം. മണൽ മാഫിയക്കെതിരെ നടപടിയെടുക്കുവാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിനുവേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതിനിടയിൽ നിഷ്ഠൂരമായ ആക്രമണത്തിന് ഇരയായി കിടപ്പിലായ രാജൻ 2018 മെയ് മാസമാണ് സർവ്വീസിൽ നിന്നും വിരമിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: