വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പിഴയില്ലാതെ മടങ്ങാം; ഓഗസ്റ്റ് 17 വരെ അവസരവുമായി യുഎഇ

9 / 100 SEO Score

അബുദാബി: മാര്‍ച്ച് ഒന്നിനു മുമ്പ് വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പിഴ ഒടുക്കാതെ രാജ്യം വിടാന്‍ അവസരവുമായി യുഎഇ. ഓഗസ്റ്റ് 17 വരെ പിഴ ഒടുക്കാതെ യുഎഇ വിടാനുള്ള അവസരം ഉപയോഗപ്പെടുത്താൻ അബുദാബിയിലെ ഇന്ത്യന്‍ എംബസി അഭ്യർഥിച്ചു.

യുഎഇ അധികൃതരുടെ അംഗീകാരത്തോടെയാണു വിസാ പിഴ ഒഴിവാക്കൽ നടപ്പാകുക. അബുദാബിയില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ ഈ എമിറേറ്റിന്റെ വിസയുള്ളവരുടെയോ കാര്യത്തില്‍ ഇവിടുത്തെ ഇന്ത്യന്‍ എംബസി വഴിയാണു നടപടികള്‍ ഏകോപിപ്പിക്കുക. ദുബായ്, ഷാര്‍ജ, ഫുജൈറ, റാസ് അല്‍ ഖൈമ, ഉം അല്‍ ക്വെയ്ന്‍, അജ്മാന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന അല്ലെങ്കില്‍ ഈ എമിറേറ്റുകളുടെ വിസ കൈവശമുള്ളവര്‍ക്കു ദുബായിലെ കോണ്‍സുലേറ്റ് ജനറലിന്റെ സേവനം ലഭിക്കും.

പാസ്പോര്‍ട്ട് വിവരങ്ങള്‍, പ്രാദേശിക ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വിസ പകര്‍പ്പ് എന്നിവ അനുബന്ധ രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അബുദാബിയിലുള്ളവര്‍ ‘ca.abudhabi@mea.gov.in’ എന്ന ഇ-മെയിലിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലുള്ളവര്‍’cons2.dubai@mea.gov.in’ എന്ന ഇ-മെയിലിലേക്കുമാണ് അപേക്ഷ അയയ്‌ക്കേണ്ടത്.

രേഖകള്‍ സ്‌കാന്‍ ചെയ്യാനോ ഇ-മെയില്‍ വഴി അപേക്ഷ അയയ്ക്കാനോ കഴിയാത്തവര്‍ക്കായി ബദല്‍ മാര്‍ഗം ഒരുക്കിയിട്ടുണ്ട്. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം എംബസിയ്ക്കും കോണ്‍സുലേറ്റിനു പുറത്തുള്ള ഡ്രോപ്പ് ബോക്‌സുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് (ആദ്യ, അവസാന, വിസ പേജുകള്‍ ഉള്‍പ്പെടെ), ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. സന്ദര്‍ശക വിസയുള്ളവര്‍ അതിന്റെ പകര്‍പ്പ് കൂടി ഉള്‍പ്പെടുത്തണം.

ഇന്ത്യയിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്ന തിയതിയുടെ ഏഴ് പ്രവൃത്തി ദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കണം. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ വിസാ പിഴ ഒഴിവാക്കലിന് അപേക്ഷിക്കുന്നതിനു മുമ്പ്, പാസ്പോര്‍ട്ട് അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ അപേക്ഷ നല്‍കണം.

വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മേയ് 18 മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ മടങ്ങുകയാണെങ്കില്‍ പിഴയില്‍നിന്ന് ഒഴിവാക്കുമെന്നാണു യുഎഇയുടെ പ്രഖ്യാപനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: