മമ്പറം പാലം ഡിസംബറിൽ പൂർത്തിയാകും

കണ്ണൂർ:മമ്പറത്ത് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. ഡിസംബറിൽ പാലം പ്രവൃത്തി പൂർത്തിയാക്കി യാത്രക്കായി തുറന്നു കൊടുക്കും. നിലവിലുള്ള പാലത്തിൽ നിന്ന് മൂന്നു മീറ്റർ മാറി 25 മീറ്റർ നീളത്തിലുള്ള നാല് സ്പാനുകളും 21 മീറ്റർ നീളത്തിൽ ഒരു ബോക്‌സ് കൾവർട്ടിന്റെയും പണിയാണ് ഇനി പൂർത്തിയാകാനുള്ളത്. പുഴയുടെ മധ്യഭാഗത്തായി വരുന്ന പ്രധാന സ്ലാബ് നിർമാണമാണ് ഇനി പ്രധാനമായും അവശേഷിക്കുന്നത്. നിലവിൽ പാലത്തിന്റെ പ്രവൃത്തി 70 ശതമാനത്തോളം പൂർത്തിയായി. ആറു മീറ്റർ ഉയരത്തിൽ പുഴയിൽ 12 പ്രധാന തൂണുകളടക്കം 54 തൂണുകളാണ് ആകെ ഉള്ളത്. 45 തൂണുകളുടെ പ്രവൃത്തി പൂർത്തിയായി.13 കോടിയിലധികം രൂപയാണ് പുതിയ രൂപകല്പനയിൽ പാലത്തിന്റെ നിർമ്മാണച്ചെലവ്.

ഉൾനാടൻ ജലപാത വികസനത്തിന്റെ ഭാഗമായി മമ്പറം പുഴയിലൂടെയും ജലഗതാഗതം ഉണ്ടാകുമെന്ന നിർദ്ദേശത്തിൽ ആദ്യമുള്ള പാലത്തിന്റെ സ്കെച്ച് മാറ്റി പുതിയ ഡിസൈൻ കിട്ടുന്നത് വൈകിയതിനാലും കഴിഞ്ഞ പ്രളയത്തിൽ പൈലിങിനായി തെങ്ങ് തടി വെള്ളത്തിൽ കുത്തി മണ്ണിട്ട് നിർമ്മിച്ച തടം ഒലിച്ചു പോയതിനാലുമാണ് 2019 അവസാനം തീരേണ്ട പണി ഇത്ര വൈകിയത്. ദ്രുതഗതിയിൽ പണി നടന്നു കൊണ്ടിരിക്കെ ലോക്ഡൗൺ പ്രഖാപിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും പ്രവൃത്തി പാതിവഴിയിൽ നിർത്തേണ്ടി വന്നിരുന്നു. ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച നിർമാണ പ്രവൃത്തി മേയ് മാസം പകുതിയോടെയാണ് പുനരാരംഭിച്ചത്. കമ്പികൾ തുരുമ്പെടുത്തതിനാൽ തുരുമ്പ് നീക്കി ബലപ്പെടുത്തുന്ന ശാസ്ത്രീയ രീതിയായ എപ്പോക്സി കോട്ടിങ് ചെയ്ത ശേഷം ബീമുകൾ ഉൾപ്പെടെയുള്ളവ കോൺക്രീറ്റ് ചെയ്യുന്നതാണ് കഴിഞ്ഞ മാസം ആരംഭിച്ചത്. ലോക് ഡൗണിനെ തുടർന്ന് തൊഴിലാളികളുടെ ലഭ്യതയിൽ കുറവ് വന്നതും നിർമാണത്തെ ബാധിക്കുന്നുണ്ട്. കാലവർഷം പ്രതികൂലമായില്ലെങ്കിൽ ഡിസംബർ മാസത്തോടെ പാലം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

ധര്‍മടം മണ്ഡലത്തില്‍പെടുന്ന വേങ്ങാട്, പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴക്ക് കുറുകെ കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലാണ് മമ്പറം പാലം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. അന്‍പത് വര്‍ഷത്തിലധികം കാലപ്പഴക്കമുണ്ടായിരുന്ന പാലം അപകടാവസ്ഥയിലായിരുന്നു. പുതിയ പാലം നിര്‍മിക്കാനായി ഏഴ് വര്‍ഷം മുമ്പു പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നുവെങ്കിലും ഒരു ഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ സാങ്കേതിക പ്രശ്‌നവും പ്രവൃത്തി ആരംഭിക്കുന്നത് വൈകി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളെ തുടർന്നാണ് അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുത്ത് പാലം നിർമാണം ത്വരിതഗതിയിലാക്കിയത‌്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: