വയനാട്ടിലെ നടുറോഡില്‍ യുവതിക്കും ഭര്‍ത്താവിനും ക്രൂരമര്‍ദനം

നടുറോഡില്‍ തമിഴ്നാട് സ്വദേശികളായ ദമ്ബതികളെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചു. വയനാട് ജില്ലയിലെ അമ്ബലവയലില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ജീവാനന്ദിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ജീവാനന്ദ് ദമ്ബതികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്.ഭര്‍ത്താവിനെ മര്‍ദിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് ‘നിനക്കും വേണോ’യെന്ന് ചോദിച്ച്‌ ജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ദൃ‌ക്സാക്ഷികളിലാരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പൊലീസ് സംഭവം ഒത്തുതീര്‍പ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: