ആറളത്ത് മണ്ണിടിച്ചിലിൽ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകർന്നു

കനത്ത മഴ മലയോരത്ത് ജനജീവിതത്തെ ബാധിച്ചു. കാലവർഷം ആരംഭിച്ചതിനുശേഷമുള്ള ശക്തമായ മഴയാണ് തിങ്കളാഴ്ച മേഖലയിൽ ലഭിച്ചത്. അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ മഴയിൽ വീട് ഇടിഞ്ഞുവീണു. ആറളത്ത് മണ്ണിടിച്ചിലിൽ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകർന്നു. പലയിടങ്ങളിലും വെള്ളം കയറി.ഉരുപ്പുംകുറ്റി ഞെട്ടിത്തോടെ വെള്ളാരംപറമ്പിൽ ശശിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രി പൂർണമായും ഇടിഞ്ഞുവീണത്. മണ്ണ് വീഴുന്നതുകണ്ട് വീട്ടുകാർ പുറത്തേക്കിറങ്ങുന്ന സമയത്ത് അടുക്കളഭാഗം ആദ്യം തകർന്നു. പിന്നീട് ബാക്കി ഭാഗവും ഇടിഞ്ഞുവീണു. ഇതിനകം കുടുംബാംഗങ്ങൾ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ശശിയുടെ ഭാര്യ വത്സ, മകൻ ഷിജോ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്്‌ ഷീജാ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിയിൽ, പഞ്ചായത്തംഗം പ്രിയ കെ.ജോൺ, റവന്യൂ അധികൃതർ തുടങ്ങിയവർ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിച്ചു. ആറളം പഞ്ചായത്ത് ഓഫീസിന് സമീപപമാണ് മണ്ണിടിച്ചിലുണ്ടായത്. ഓഫീസിനു പിറകുവശത്തെ കുന്നിൽ സ്ഥാപിച്ച എടൂർ കുടിവെള്ളപദ്ധതിയുടെ ടാങ്കാണ് പൂർണമായും നശിച്ചത്. സമീപത്തെ ജലനിധിയുടെ കൂറ്റൻ ടാങ്കും അപകടഭീഷണിയിലാണ്. വാഹനങ്ങൾ നിർത്തിയിടാൻ അശാസ്ത്രീയമായി കുന്ന് ചെത്തി ഇറക്കിയതാണ് മണ്ണിടിച്ചിലിന് കാരണമായത്.അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ടാങ്ക് കമിഴ്ന്നുകിടക്കുന്ന നിലയിലാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: