വ്യാജരേഖ ചമച്ച് തട്ടിയെടുത്തത് 4 കോടി; സിനിമാനിര്‍മാതാവ് അറസ്റ്റില്‍

കാസർകോട്: സൗത്ത് ഇന്ത്യൻ ബാങ്ക് ചെർക്കള ബ്രാഞ്ചിൽ വ്യാജരേഖ ഈടായി വച്ച് 4,17,44000 രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിൽ സിനിമാ നിർമ്മാതാവും കരാറുകാരനുമായ കാസർകോട് ചട്ടഞ്ചാൽ തെക്കിലിൽ എം.ഡി. മെഹ്ഫൂസിനെ (30) ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.നാളെ റിലീസ് ചെയ്യാനിരിക്കുന്ന അരുൺ ചന്തു സംവിധാനം ചെയ്ത ‘സായാഹ്ന വാർത്തകൾ’ സിനിമയുടെ നിർമ്മാതാവാണ് ഇദ്ദേഹം .സ്ഥലത്തിന്റെ ആധാരത്തിന്റെ അതിരുകളും വിസ്തീർണ്ണവും വ്യാജമായി നിർമ്മിച്ച് ബാങ്കിൽ ഈടായി വച്ച്

2018ലാണ് ഇദ്ദേഹം വായ്പ നേടിയത്. ആധാരത്തിന്റെ രേഖകൾ വ്യാജമായി ഉണ്ടാക്കുകയും അതിന്റെ രജിസ്റ്റർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിങ്ങളിൽ നിന്ന് ലഭിക്കേണ്ടുന്ന സർട്ടിഫിക്കറ്റുകളും ഇയാൾ തന്നെ കൃത്രിമമായി നിർമ്മിച്ച് ഹാജരാക്കുകയായിരുന്നുവെന്ന് ബാങ്ക് അധികൃതരുടെ പരാതിയിൽ പറയുന്നു. തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ പിന്നീട് നടത്തിയ പരിശോധനയിലാണ് കോടികളുടെ വായ്പയ്ക്ക് ഈടായി നൽകിയത് വ്യാജരേഖകൾ ആയിരുന്നുവെന്ന് കണ്ടെത്തിയത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

വായ്പ നൽകുന്നതിന് കൂട്ടുനിന്നു എന്നാരോപിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അന്നത്തെ ചെർക്കള ബ്രാഞ്ച് ബാങ്ക് മാനേജരെ ആദ്യം സസ്‌പെൻ‌ഡ് ചെയ്യുകയും പിന്നീട് ജോലിയിൽ നിന്നുതന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പി.നൗഷാദുമായി ചേർന്നാണ് സായാഹ്ന വാർത്തകൾ മെഹ്ഫൂസ് നിർമ്മിച്ചത്. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനുമാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരിക്കുന്നത്.വായ്പയെടുത്ത പണം ഉപയോഗിച്ച് 2019ൽ എടുത്ത സിനിമ പൊട്ടിപ്പോയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: