വിവാഹത്തലേന്ന് 40 പവനുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി

ആലപ്പുഴ: വിവാഹത്തലേന്ന് സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം

ഒളിച്ചോടി. അമ്പലപ്പുഴ സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് 40 പവന്‍ സ്വര്‍ണവുമായി വണ്ടാനം സ്വദേശിയായ കാമുകനൊപ്പം പോയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ യുവതിയുടെ വീട്ടില്‍നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഒളിച്ചോട്ടം.

ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച അമ്പലപ്പുഴയിലെ ഓഡിറ്റോറിയത്തില്‍ നടത്താനിരിക്കെയായിരുന്നു സംഭവം. തലേദിവസത്തെ സല്‍ക്കാരത്തിനിടെ യുവതിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അവര്‍ എഴുതിയ കത്ത് കണ്ടെത്തി. മാതാപിതാക്കള്‍ പിണങ്ങരുതെന്നും മടങ്ങിവരുമെന്നും കത്തിലുണ്ട്.

വണ്ടാനം സ്വദേശിയായ ഇരുപതുകാരനുമായി ഏറെക്കാലമായി യുവതി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ യുവതിയുടെ സഹോദരിയുടെ വിവാഹദിവസം യുവാവ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നവവരനും രംഗത്തെത്തി.

error: Content is protected !!
%d bloggers like this: