ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ചു; മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിൽ


കൊച്ചി: ഗൾഫിൽ കോവിഡ് വാക്സിൻ ഡ്യൂട്ടിക്കെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി ഫിറോസ് ഖാൻ പിടിയിലായി. കലൂരിലെ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജൻസിയുടമയായ ഫിറോസ് ഖാനെയും സഹായികളായ രണ്ട് പേരെയുമാണ് എറണാകുളം നോർത്ത് പോലീസ് പിടിച്ചത്. കോഴിക്കോട് രഹസ്യ കേന്ദ്രത്തിൽ നിന്നാണിവരെ പോലീസ് പിടിച്ചത്.

ഫിറോസിന്റെ തട്ടിപ്പിന് ഗൾഫിൽ കൂട്ടുനിന്ന എറണാകുളം സ്വദേശി സത്താറും ഒളിവിൽ കഴിയാൻ സഹായിച്ച കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തും.

‘നഴ്സ് വിസ’ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി വഞ്ചിച്ചെന്നു കാട്ടി കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജൻ നൽകിയ പരാതിയിലാണ് നടപടി. അഞ്ഞൂറിൽ കൂടുതൽ നഴ്സുമാരെ വാക്സിൻ നൽകുന്ന ഡ്യൂട്ടിക്കെന്ന പേരിൽ പണം വാങ്ങി, ദുബായിയിൽ എത്തിക്കുകയായിരുന്നു. ഇവരെ മുറിയിൽ അടച്ചിടുകയും മസാജ് സെന്റർ, ഹോം കെയർ ജോലികൾക്കായി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒന്നരലക്ഷം രൂപ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനങ്ങൾ. സർക്കാർ ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ച് 2.5 ലക്ഷം രൂപ സർവീസ് ചാർജായി ഓരോരുത്തരിൽ നിന്നും വാങ്ങി. വിസിറ്റിങ് വിസയിൽ ദുബായിലെത്തിച്ച ശേഷം, റിക്രൂട്ടിങ് ഏജൻസിക്കാർ ഒഴിഞ്ഞുമാറി. കോവിഡ് വാക്സിൻ നൽകുന്ന ജോലിയിൽ ഒഴിവില്ലെന്നു പറഞ്ഞാണ് ഇവരെ മറ്റു ജോലികൾ ചെയ്യാൻ നിർബന്ധിച്ചത്. പണം നൽകിയ 500-ൽപ്പരം പേരെ ദുബായിൽ ഇവർ മുറിയിൽ പൂട്ടിയിട്ടു. സുരക്ഷയില്ലാത്ത ഒരുമുറിയിൽ 13 മുതൽ 15 പേർ വരെയുണ്ടായിരുന്നു. ഇവർക്ക് കൃത്യമായി ഭക്ഷണം പോലും ലഭിച്ചില്ല.

മുഖ്യമന്ത്രിക്ക് നഴ്സുമാർ പരാതി നൽകിയതിനെ തുടർന്ന് ഫിറോസ് ഖാൻ ഒളിവിൽ പോയി. കരിപ്പൂർ വിമാനത്താവളം വഴി ഡൽഹിക്ക് കടക്കാനാണ് ഇയാൾ കോഴിക്കോട്ടെത്തിയത്. വിമാനയാത്രയ്ക്കായി ആർ.ടി.പി.സി.ആർ. പരിശോധനയടക്കം നടത്തിയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് വഞ്ചിച്ചതിന് ഇയാൾക്കെതിരേ നോർത്ത് പോലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥാപനത്തിന്റെ പേര് മാറ്റി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. അഞ്ഞൂറിലധികം നഴ്സുമാർ തട്ടിപ്പിനിരയായി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: