മുംബൈയില്‍ നിന്ന് ട്രെയിനെത്തി; കണ്ണൂരിലിറങ്ങിയത് 152 പേര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് മുംബൈയില്‍ നിന്നെത്തിയ ട്രെയിനില്‍ കണ്ണൂരിലിറങ്ങിയത് 152 പേര്‍. ഇവരില്‍ 56 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. കാസര്‍ക്കോട്- 72, കോഴിക്കോട്- 17, വയനാട്- 5, മലപ്പുറം- 1, തമിഴ്നാട് -1 എന്നിങ്ങനെയാണ് കണ്ണൂരിലിറങ്ങിയ മറ്റ് യാത്രക്കാരുടെ കണക്കുകള്‍. കണ്ണൂര്‍ ജില്ലക്കാരില്‍ യാത്രാ പാസ് സഹിതം എത്തിയവരെ വീടുകളിലും പാസില്ലാതെ എത്തിയവരെ കൊറോണ കെയര്‍ സെന്ററിലേക്കും അയച്ചു. മറ്റുള്ളവരെ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസ്സുകളിലാണ് മറ്റു ജില്ലകളിലേക്ക് അയച്ചത്. രോഗ ലക്ഷണം പ്രകടമാക്കിയ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ലോകമാന്യ തിലകില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പുണ്ടാകുമെന്ന് അടിയന്തര അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം തിരക്കിട്ട് ഒരുക്കുകയായിരുന്നു.

ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക്, ഡിപിഎം ഡോ. കെ വി ലതീഷ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂരില്‍ ഇറങ്ങിയ യാത്രക്കാരെ ആറ് മെഡിക്കല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: