വിവാദങ്ങൾ രമ്യയെ തുണച്ചോ ? ആലത്തൂരിൽ വൻ ലീഡ്

ഇടതുകോട്ടയായ ആലത്തൂരില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങി യുഡിഎഫിന്‍റെ രമ്യാ ഹരിദാസ്. വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 22,000 വോട്ടുകള്‍ക്കാണ് രമ്യഹരിദാസ് ലീഡ് ചെയ്യുന്നത്. ഇതുവരെ ഇരുപത് ശതമാനത്തോളം വോട്ടുകള്‍ ആലത്തൂരില്‍ എണ്ണി കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായാണ് ആലത്തൂര്‍ മണ്ഡലം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ ആദ്യ ഘട്ടത്തില്‍ മാത്രമാണ് പികെ ബിജുവിന് ലീഡ് പിടിക്കാന്‍ സാധിച്ചത്. സിറ്റിംഗ് എംപിയായ പികെ ബിജു ഇവിടെ മൂന്നാം വട്ടമാണ് ജനവിധി തേടുന്നത്. സംവരണ മണ്ഡലമായ ആലത്തൂരിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇറക്കിയത്. എന്നാല്‍ ഊര്‍ജ്ജസ്വലമായ പ്രചാരണത്തിലൂടെ രമ്യ ഇടത് കോട്ടയില്‍ ഇടിച്ചു കയറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ഇടതുമുന്നണി കണ്‍വീനര്‍ നടത്തിയ അശ്ലീല പരമാര്‍ശവും, ദീപ നിശാന്ത് ഫേസ്ബുക്കിലൂടെ നടത്തിയ വിമര്‍ശനങ്ങളും, പ്രചാരണത്തിനിടെയുള്ള ഗാനാലാപനവുമെല്ലാം രമ്യയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. എന്തായാലും വിവാദങ്ങളെല്ലാം രമ്യയ്ക്ക് ഗുണം ചെയ്തുവെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: