കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സീന്‍ എത്തിക്കണമെന്ന് രമേശ് ചെന്നിത്തല

കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സീന്‍ എത്തിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സീന്‍ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്ത ഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്ഥയാണെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. ഒരു ആപത്ഘട്ടത്തില്‍ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണ കൂടത്തിന്റെയും അടിസ്ഥാന കടമ. ആ കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഒരേ വാകിസിന് മൂന്നു തരം വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നടപടിയാണ്. ഇത് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്ന അതേ വാക്‌സീന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോള്‍ 400 രൂപയാകും. കേന്ദ്ര സര്‍ക്കാരിന് ഒരു വില. സംസ്ഥാന സര്‍ക്കാരിന് മറ്റൊരു വില. എന്തു തരം നയമാണിത്. കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും ജനങ്ങളുടെ ഭരണകൂടങ്ങള്‍ തന്നെയല്ലേ. പൊതു ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് രണ്ടു സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ രണ്ടു സര്‍ക്കാരുകള്‍ക്കുമിടയില്‍ വിവേചനം ഉണ്ടാക്കുന്ന ഒരു നയമെങ്ങനെ കേന്ദ്രം ആവിഷ്‌ക്കരിച്ചു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ എതിരാണ്. ഇനി സ്വകാര്യ ആശുപത്രികള്‍ക്കാണെങ്കില്‍ അവയ്ക്ക് വില പിന്നീടും കൂടുകയാണ്. 600 രൂപയാണ് അവര്‍ക്കുള്ള വില. സ്വാഭാവികമായും മരുന്നു കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന വാക്‌സീന്റെ നല്ലൊരു പങ്കും ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യ മേഖലയില്ക്ക് വില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. ഉല്പാദിപ്പിക്കുന്ന വാക്‌സീനില്‍ എത്ര ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് മാത്രമല്ല, അനാരോഗ്യകരമായ വടംവലിക്ക് സംസ്ഥാനങ്ങളെ എറിഞ്ഞു കൊടുക്കുന്ന അവസ്ഥയും ഉണ്ടാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: