രേഖകൾ ഹാജരാക്കിയില്ല ; കെ.എം ഷാജിയുടെ ആഡംബരവീട്‌ അളന്ന്‌ വിലയിടും

കോഴിക്കോട് ‌
അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ പ്രതിയായ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ വീട്‌ അടുത്ത ദിവസം അളന്ന്‌ വിലയിടും. വിജിലൻസ്‌ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ പൊതുമരാമത്ത്‌ വകുപ്പ്‌(കെട്ടിടം) ഉദ്യോഗസ്ഥരാകും അനധികൃതമായി നിർമിച്ച ആഡംബര വീട്‌ അളന്ന്‌ വില നിർണയിക്കുക.
കഴിഞ്ഞ ദിവസമാണ്‌ വിജിലൻസ്‌ ഉദ്യോഗസ്ഥർ ഷാജിയുടെ കോഴിക്കോട്‌ മാലൂർകുന്നിലെയും കണ്ണൂരിലെയും വീടുകൾ അളന്ന്‌ വിസ്‌തീർണവും വിലയും നിശ്‌ചയിക്കാനാവശ്യപ്പെട്ട് പിഡബ്ല്യുഡി എക്‌സി.എൻജിനിയർക്ക്‌‌ കത്ത്‌ നൽകിയത്‌. വീടുകളുടെ ആകെ വിസ്‌തീർണം, വീടിന്റെയും വീട്ടുപകരണങ്ങളുടെയും മൂല്യം എന്നിവ കണക്കാക്കി നൽകാനാണ്‌ നിർദേശം.

അതേസമയം, അനധികൃത സ്വത്ത്‌ സമ്പാദനം, കണ്ണൂരിലെ വീട്ടിൽനിന്ന്‌ പിടിച്ചെടുത്ത അരക്കോടി കള്ളപ്പണം, വീട്‌ നിർമാണം എന്നിവയുടെ രേഖകൾ ഷാജി ഹാജരാക്കിയില്ല. രേഖ നൽകാൻ അനുവദിച്ച സമയം വ്യാഴാഴ്‌ച അവസാനിച്ചു. കൂടുതൽ സമയം വേണമെന്ന നിലപാടാണ്‌ ഷാജിക്ക്‌. ഇക്കാര്യത്തിൽ അന്വേഷണസംഘം അടുത്തദിവസം തീരുമാനമെടുക്കും. പണത്തിന്റെ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടാൽ ഷാജിക്കെതിരെ കള്ളപ്പണക്കേസ്‌ ചുമത്തേണ്ടിവരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: