‘ഒരു സൂക്കേടുമില്ലാത്ത എന്നെ എന്തിനാ ഈടെ കെടത്തിയെ? നിങ്ങളെയെല്ലാം കാണുമ്പം തന്നെ പേടിയാവുന്നു.’ അപൂര്‍വാനുഭവങ്ങളുടെ പാഠശാലയായി കൊറോണ കാലം

കുട്ടികള്‍ക്ക് ഒരു ചോക്ലേറ്റ് നീട്ടി പുഞ്ചിരിച്ചുകൊണ്ട് ചേര്‍ത്തു പിടിച്ച് മാത്രം ശീലിച്ച ഡോക്ടര്‍ അപര്‍ണയ്ക്ക് ആ കുഞ്ഞു ചോദ്യം മനസില്‍ നിന്നും മായുന്നില്ല. അപ്രതീക്ഷിതമായി കടന്നു വന്ന് പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മഹാവ്യാധി കുഞ്ഞുമനസ്സുകളെ എങ്ങനയൊക്കെ ബാധിക്കുന്നു.. അവധിക്കാലത്ത് ഓടിച്ചാടി നടക്കേണ്ടവര്‍ക്ക് ആശുപത്രി മുറികളില്‍ ഒതുങ്ങേണ്ടി വരിക. ശബ്ദം കൊണ്ട് മാത്രം പരിചയപ്പെടാവുന്ന വിചിത്ര രൂപങ്ങളൊട് പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ പ്രയാസമായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ 14 ദിവസത്തെ കൊറൊണ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനില്‍ പ്രവേശിച്ച ഡോക്ടര്‍ അപര്‍ണയ്ക്ക് പറയാനുള്ളത് 14 ദിവസത്തെ അനുഭവപാഠങ്ങള്‍.
വിദേശത്തു നിന്നെത്തിയ കുടുംബാംഗത്തില്‍ നിന്നും കൃത്യമായ അകലം പാലിച്ചും, ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചിട്ടും ഞങ്ങള്‍ക്കെങ്ങനെ രോഗം വന്നെന്നു ചോദിച്ചു കരഞ്ഞ ഒരു പാവം സ്ത്രീ.. ഇവരോടൊക്കെ മറുപടി പറയാനാവാതെ ഒരു നിമിഷമെങ്കിലും കുഴങ്ങിയിട്ടുണ്ടെന്ന് ഡോ. അപര്‍ണ പറയുന്നു. ഭര്‍ത്താവ് ഡോ. അഖിലിനോടൊപ്പം സ്വയം സന്നദ്ധയായി കൊറോണ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കിറങ്ങിയതാണ് ഡോ. അപര്‍ണയും. ഇതുവരെ നേരിടാത്ത, പൂര്‍വാനുഭവങ്ങളെ പാഠമാക്കാനില്ലാത്ത ഒരു മഹാ രോഗം. അതിനെ പിടിച്ചു കെട്ടണമെങ്കില്‍ ഓരോരുത്തരും ജാഗ്രതയോടെ മുന്നിട്ടിറങ്ങിയേ തീരൂ.
ഏപ്രില്‍ 9 മുതലുള്ള 14 ദിവസങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ കൂട്ടായ പ്രവര്‍ത്തനങ്ങളായിരുന്നു. തുടക്കത്തില്‍ എട്ട് ഡോക്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഒരാഴ്ചയ്ക്കു ശേഷം എത്തിയ മൂന്ന് ഡോക്ടര്‍മാരും നഴ്‌സിങ് സ്റ്റാഫും ക്‌ളീനിങ് സ്റ്റാഫുമടക്കം സമയ നിബന്ധനകള്‍ നോക്കാതെയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളായിരുന്നു. പുറംലോകം കാണാത്ത 14 ദിവസങ്ങള്‍ എത്ര പെട്ടന്ന് പോയെന്നറിയില്ല, ഡോക്ടര്‍ അപര്‍ണ ചിരിച്ചു കൊണ്ട് പറഞ്ഞു. സ്‌ക്രീനിംഗ് ഒ പിയില്‍ ആയിരുന്നു ഡ്യൂട്ടി എങ്കിലും വാര്‍ഡുകളില്‍ അത്യാവശ്യം വന്നാല്‍ അവിടെയും സഹായിക്കും. സ്റ്റാഫിനിടയിലുള്ള ഏകോപനം അതു തന്നെയാണ് ടീമിന്റെ വിജയവും. ജില്ലാ നോഡല്‍ ഓഫീസര്‍ അഭിലാഷും, നോഡല്‍ ഓഫീസര്‍ ഡോ. അജിത്തും സര്‍വ പിന്തുണമായി കൂടെയുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇടയ്ക്കിടെ നടത്താറുള്ള റിവ്യു മീറ്റിംഗുകളും ഏറെ പ്രയോജനപ്രദമായിരുന്നു.
ശബ്ദത്തിലൂടെ മാത്രം രോഗികളെ ശുശ്രൂഷിക്കുക എന്നത് വലിയൊരു ചലഞ്ചാണെന്ന് ഡോ. അപര്‍ണ പറയുന്നു. അവരുടെ ശാരീരികാരോഗ്യത്തിനപ്പുറം മാനസികാരോഗ്യം കൂടി പരിഗണിച്ചായിരുന്നു ഓരോ കാര്യങ്ങളും ചെയ്തത്. സുരക്ഷാ വസ്ത്രങ്ങും മാസ്‌കുകളും ഉപകരണങ്ങളുമെല്ലാം കൃത്യമായി ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭക്ഷണവും താമസ സൗകര്യങ്ങളും മികച്ച രീതിയില്‍ ഒരുക്കി. കൂത്തുപറമ്പ് ഐ എം എ ആണ് ഒരു ദിവസത്തെ ഭക്ഷണം നല്‍കിയത്. പല സംഘടനകളും ഇത്തരത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഡോ. അപര്‍ണ പറയുന്നു.
ആംബുലന്‍സ് ഡ്രൈവര്‍മാരോടുള്ള സ്‌നേഹവും നന്ദിയും പറഞ്ഞാല്‍ തീരില്ല. രാപകല്‍ ഭേദമില്ലാതെ ഓടിനടന്ന് ടീമിന്റെ ഭാഗമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ എത്രയോ മികച്ചതാണെന്ന് ഡോക്ടര്‍ പറയുന്നു.
കാഞ്ഞങ്ങാട്ടുള്ള കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ പിന്തുണ നല്‍കിയ കരുത്തും ധൈര്യവും ചെറുതല്ല. തിരക്കുകള്‍ക്കിടയില്‍ അവരുടെ ഫോണ്‍ കോള്‍ പോലും ശ്രദ്ധിക്കാന്‍ പറ്റിയില്ലെങ്കിലും ആര്‍ക്കും പരിഭവമില്ല. കാരണം ഞങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ അവരും ഏറെ അഭിമാനിക്കുന്നുണ്ട്. മുപ്പതിലധികം പോസിറ്റീവ് കേസുകളും അത്ര തന്നെ രോഗം സംശയിക്കുന്നവരും ആയിരുന്നു ഡ്യൂട്ടി കഴിഞ്ഞിറങ്ങും വരെ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 14 ദിവസം ഹോട്ടല്‍ റോയല്‍ ഒമറില്‍ ക്വാറന്റീന്‍ കഴിഞ്ഞാല്‍ തിരികെ പഴയ ഡ്യൂട്ടിയിലേക്ക് പ്രവേശിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലായിരുന്നു ഡോ. അപര്‍ണ. അത്യപൂര്‍വമായ ഒരു പഠനാനുഭവം ലഭിച്ചതിനെ ഏറെ അഭിമാനത്തോടെയാണ് അവര്‍ കാണുന്നത്. ഇനി എന്തും നമ്മള്‍ നേരിടും .. ഡോ. അപര്‍ണയുടെ സ്വരത്തില്‍ ആ ഉറപ്പുണ്ടായിരുന്നു.
രോഗം ഭേദമായി മടങ്ങുന്നവര്‍ നന്ദി വാക്കു പറഞ്ഞു തീര്‍ക്കാനാവാതെ ഒന്നു കൈ വീശും. അവരുടെ എല്ലാ സ്‌നേഹവും അതിലുണ്ട്. ഞങ്ങളിലാരാണ് അവരെ ശുശ്രൂഷിച്ചതെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത സങ്കടമായിരിക്കും ആ മുഖങ്ങളില്‍.. പക്ഷെ അതു ഞങ്ങള്‍ക്കു കാണാം…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: