വോട്ടിംഗില്‍ ക്രമക്കേടുണ്ടെങ്കില്‍ വോട്ടര്‍ തന്നെ തെളിയിക്കണം, ഇല്ലെങ്കില്‍ പൊലീസില്‍ ഏല്‍പ്പിക്കും: തിരുവനന്തപുരത്ത് ഒരാള്‍ക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന വോട്ടര്‍ ഇക്കാര്യം തെളിയിക്കണമെന്നും പരാതി തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍. പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ വോട്ടറെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 117ആം വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. സമാന സംഭവത്തില്‍ തിരുവനന്തപുരത്ത് ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ആം ബൂത്തിലെ എബിന്‍ എന്ന വോട്ടര്‍ക്കെതിരായാണ് കേസെടുത്തത്. താന്‍ വോട്ട് ചെയ്‌ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ഇയാള്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ടെസ്‌റ്റ് വോട്ട് നടത്തിയിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
അതേസമയം, സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. രാവിലെ വോട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും ഇതെല്ലാം സാങ്കേതിക തകരാര്‍ മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിക്കുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്ക് കുത്തുമ്ബോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുമെന്നത് അസാധ്യമാണെന്നും ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും കമ്മിഷന്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും പരാതികള്‍ തുടര്‍ന്നതോടെയാണ് പരാതി ഉന്നയിക്കുന്നവര്‍ തന്നെ ഇക്കാര്യം തെളിയിക്കണമെന്ന് വ്യക്തമാക്കിയത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരായ പരാതികള്‍ ഇതിലൂടെ തടയാമെന്നാണ് കമ്മിഷന്‍ കരുതുന്നത്. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന സത്യസന്ധമായ പരാതികള്‍ പോലും ഇനി ഉന്നയിക്കാന്‍ വോട്ടര്‍മാര്‍ മടിക്കുമെന്ന ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: