കണ്ണൂരും വയനാടും പത്തനംതിട്ടയിലും റെക്കോര്‍ഡിലേക്ക് ; കനത്ത പോളിങ് തുടരുന്നു

കണ്ണൂർ: വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്ബോള്‍ 34.40 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. പാലക്കാട് (44.17) ലോക്‌സഭാ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ (44.27),വയനാട് (44.04), തൃശ്ശൂര്‍(36.24), ആലപ്പുഴ (43), ചാലക്കുടി (43.72),തിരുവനന്തപുരം(32.70), കൊല്ലം(33.65), ആറ്റിങ്ങല്‍(34.60),മാവേലിക്കര (34.05), ആലത്തൂര്‍(34.38), ഇടുക്കി (35.20), എറണാകുളം (39.80), പത്തനംതിട്ട (40.05), കോട്ടയം(34.60),മലപ്പുറം(34.19), കോഴിക്കോട്(30.10), വടകര (33.20), പൊന്നാനി (31.67), കാസര്‍കോട്(38) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം. സ്ത്രീകളടക്കമുള്ള ആളുകള്‍ രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയിരുന്നു.

വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതും ആശങ്ക ഉണ്ടാക്കിയെങ്കിലും വളരെ വേഗത്തില്‍ പരിഹരിച്ച്‌ വോട്ടിങ് തുടരുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറില്‍ ആയിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിങ് മെഷീനുകളില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രങ്ങളെത്തിച്ചാണ് വോട്ടെടുപ്പ് പുനനാരംഭിച്ചത്.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആറ് പേര്‍ കുഴഞ്ഞ് വീണു മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്ബ് സ്വദേശി വേണുഗോപാല മാരാര്‍, കൊല്ലം കല്ലുംതാഴം സ്വദേശി പുരുഷന്‍ (63),പനമരം സ്വദേശി ബാലന്‍ (64),കാഞ്ഞൂര്‍ സ്വദേശി ത്രേസ്യാക്കുട്ടി(87),കൂത്തുപറമ്ബ് സ്വദേശി വിജയി(65),റാന്നി സ്വദേശി പാപ്പച്ചന്‍ (66) എന്നിവരാണ് മരിച്ചത്.

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയും ഗാന്ധിനഗറില്‍ അമിത്ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. കേരളത്തിലെയും ഗുജറാത്തിലെയും ഉള്‍പ്പടെ രാജ്യത്തെ 116 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തന്നെ വോട്ട് ചെയ്യുകയും റെക്കോര്‍ഡ് പോളിങ് സൃഷ്ടിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

10.2% വോട്ടാണ് രാവിലെ 10 മണിവരെ 116 മണ്ഡലങ്ങളിലായി പോള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അസമില്‍ 12.36%,ബിഹാര്‍ 12.60%, ഗോവ 2.29%, ഗുജറാത്ത് 1.35%, കര്‍ണാടക 175, മഹാരാഷ്ട്ര .99, ഒഡിഷ 1.32, ത്രിപുര 1.56, യുപി 10.24, ഛത്തീസ്ഗഡ് 2.24, ദാമന്‍, ദിയു 5.83 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം. ജമ്മു കശ്മീരിലും ദാദ്ര ആന്റ് നാഗര്‍ ഹവേലിയിലും രാവിലെ ഒന്‍പത് മണി വരെ വോട്ട് ഒന്നും രേഖപ്പെടുത്തിയിരുന്നില്ല.
18.56 കോടി വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തുകളില്‍ എത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: