‘മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 രൂപയാക്കണം’; ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് സമരം

ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരമാരംഭിക്കും. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. പരീക്ഷ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ പരിഗണിക്കാതെ ബസുടമകള്‍ സമരത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.

പലതവണ ചര്‍ച്ച നടന്നു. ഓരോ തവണ ചര്‍ച്ച കഴിയുമ്പോഴും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നല്ലാതെ എത്ര കൂട്ടും എപ്പോള്‍ നടപ്പിലാക്കും എന്ന ഉറപ്പ് മന്ത്രിയില്‍ നിന്ന് കിട്ടാത്തതാണ് ബസുടമകളെ ചൊടിപ്പിച്ചത്. ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് അവരുടെ മറുപടി. ഇന്ധന കമ്പനികള്‍ വീണ്ടും ഡീസല്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ്. നഷ്ടം സഹിക്കാനാകാത്തതിനാല്‍ സമരം തുടങ്ങുന്നു. ബസുടമകളുടെ നഷ്ടം സര്‍ക്കാരിനും അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് നിരക്ക് വര്‍ധന പ്രഖ്യാപനം വൈകുന്നത്. കണ്‍സഷന്‍ നിരക്ക് 6 രൂപ ബസുടമകള്‍ ആവശ്യപ്പെട്ടപ്പോള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ 5 രൂപയായി ഉയര്‍ത്തണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാക്കാമെന്ന് സര്‍ക്കാരും നിര്‍ദേശം വച്ചു. എന്നാല്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. ഈ മാസം 30ന് ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് ഗതാഗത മന്ത്രിയുടെ ശ്രമം. അതുവരെ ബസുടമകള്‍ സാവകാശം നല്‍കുമോയെന്ന് കണ്ടറിയാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: