നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച്
വീട്ടമ്മ മരിച്ചു

ശ്രീകണ്ഠപുരം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച്
വീട്ടമ്മ മരിച്ചു. ശ്രീകണ്ഠപുരം എസ് സി ഡെവലപ്പ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷൻ ഏജൻ്റായ ചുഴലിയിലെ സി വി കാഞ്ചന (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചതിന് ശേഷം കാഞ്ചന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. റോഡിൽ തെറിച്ച് വീണ ഇവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിപിഐ എം തെക്കേമൂല ബ്രാഞ്ചംഗവും, ബാലസംഘം ഏരിയ എക്സിക്യുട്ടീവംഗവുമാണ് കാഞ്ചന. നടുവിലിലെ കാരോന്തൻ നാരായണൻ നമ്പ്യാരുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: എം ഇ ബാലകൃഷ്ണൻ. മക്കൾ: ജിഷ്ണു, വൈഷ്ണവ്. മരുമകൾ: ഡിജിന. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് നടുവിൽ തറവാട്ട് വീട്ടിലും ഒരു മണിയോടെ മൃതദേഹം ചുഴലി തെക്കേമൂല ചെന്താര കലാകായിക സമിതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മൂന്ന് മണിയോടെ ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.