കേരളം പുതിയ ചരിത്രം രചിക്കും: യെച്ചൂരി

 

പഴയങ്ങാടി:കമ്യൂണിസ്‌റ്റ്‌ പാർടിയെ 1957–-ൽ അധികാരത്തിലേറ്റി ചരിത്രം രചിച്ച കേരളം പുതിയൊരു ചരിത്രസൃഷ്ടിക്കൊരുങ്ങുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കുന്ന അഭിമാനകരമായ ചരിത്രമാണിത്‌. എൽഡിഎഫ്‌ കല്യാശേരി മണ്ഡലം സ്ഥാനാർഥി എം വിജിന്റെ പ്രചാരണ റാലി പഴയങ്ങാടിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.
കേരളം ബദൽ നയങ്ങളിലൂടെ പുതിയ റെക്കോഡ്‌ ‌സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ്‌ ജനങ്ങൾക്കു നൽകിയ 600 വാഗ്‌ദാനങ്ങിൽ 580ഉം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കി. രാജ്യത്ത്‌ മറ്റൊരു സർക്കാരിനും ഈ നേട്ടം അവകാശപ്പെടാനാവില്ല. പ്രളയങ്ങളും കോവിഡ്‌ മഹാമാരിയുമുൾപ്പെടെ നിരവധി പ്രതിസന്ധികളാണ്‌ കേരളം അഭിമുഖീകരിച്ചത്‌. സർക്കാരിന്റെ നേതൃത്വത്തിൽ ജനത ഒന്നിച്ചുനിന്ന്‌ അതിനെ മറികടന്നു. ജീവിതം വഴിമുട്ടിയ ജനങ്ങളോട്‌ കേന്ദ്ര സർക്കാർ ചെയ്‌തതുപോലെ, കേവലം വാഗ്‌ദാനങ്ങൾ നൽകുകയായിരുന്നില്ല കേരള സർക്കാർ. റേഷൻ മുതൽ പെൻഷൻ വരെ എല്ലാം ലഭ്യമാക്കി അവരെ ചേർത്തുനിർത്തി. പ്രതിസന്ധിക്കാലത്തും ബദൽ സമീപനം ഉയർത്തിപ്പിടിച്ചു.
കർഷകദ്രോഹ നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയ സർക്കാരാണ്‌ കേരളത്തിലേത്‌. പച്ചക്കറികൾക്കുൾപ്പെടെ താങ്ങുവില പ്രഖ്യാപിച്ചു. പൗരത്വ നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും കേരളമാണ്‌. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമായിരിക്കുന്നതിനെക്കാൾ മനുഷ്യരായിരിക്കുക എന്നതാണ്‌ പ്രധാനമെന്ന്‌ ലോകത്തോട്‌ പറയുകയായിരുന്നു കേരളം.
എല്ലാ നിലയിലും ഭാവിയെ നോക്കിക്കാണുന്ന ഒരു സർക്കാരാണ്‌ ഇനിയും കേരളം ഭരിക്കേണ്ടത്‌. ക്യാപ്‌റ്റൻ ചുവന്ന കൊടിപിടിക്കുന്ന ആളാകണം. ഈ ചരിത്രദൗത്യം കേരളം ഏറ്റെടുക്കുമെന്നും യെച്ചൂരി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: