കേരളത്തില്‍ കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടുന്നതില്‍ തീരുമാനം ഇന്ന്

കോവിഡ് വ്യാപനം തടയാന്‍ പത്ത് ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലില്‍ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം അടച്ചിടണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ ഇതുവരെഎത്തിയിട്ടില്ല.

കാസര്‍കോട് ജില്ലമാത്രമാണ് ഇപ്പോള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. കാസര്‍കോടിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രനിര്‍ദേശം. മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അടച്ചിടല്‍ പത്തുജില്ലകളില്‍ മാത്രമായി ഒതുക്കിയിട്ട് കാര്യമില്ലെന്നാണ് ഐ.എം.എ നിലപാട്.

എന്നാല്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജില്ലകളിലെ സാഹചര്യം വിലയിരുത്തി നടപടിയെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അടച്ചിട്ടാല്‍ തന്നെ അവശ്യസാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി ഉറപ്പാക്കിയശേഷമേ പത്തുജില്ലകള്‍ അടച്ചിടുന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: