ജനതാ കർഫ്യൂ: പുറത്തിറങ്ങാതെ കണ്ണൂർ

കൊറോണ വൈറസ് പടരുന്നത് തടയാൻ സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യൂ പരിപൂർണ വിജയം. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. വാഹനങ്ങൾ ഒന്നുംതന്നെ റോഡിലിറങ്ങിയില്ല.

രോഗവ്യാപനത്തിന്റെ തീവ്രത പൂർണമായും ജനങ്ങൾ ഉൾക്കൊള്ളുന്നതിന്റെ വ്യക്തമായ തെളിവാണിത് സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിന് പാത്രംകൊട്ടിയും മണിമുഴക്കിയും കൈയടിച്ചും ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ജനങ്ങൾ അഭിവാദ്യമർപ്പിച്ചു.

സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ആശുപത്രികളിലും അപൂർവമായി മാത്രമാണ് ആളുകളെത്തിയത്. ജനതാ കർഫ്യൂവിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാട്ടുകാർ. തളിപ്പറമ്പ് പട്ടണം ഞായറാഴ്ച പൂർണമായും വിജനമായിരുന്നു. രാവിലെ റോഡിലിറങ്ങിയ എതാനും ഇരുചക്രവാഹനക്കാരെ പോലീസ് തിരിച്ചയച്ചു. ഉച്ചയോടെ നഗരത്തിൽ ആരും കടന്നുവന്നില്ല. വൈകീട്ടും ടൗൺ വിജനമായിത്തന്നെ കിടന്നു. ഉൾനാടുകളിലും സമാനമായ പ്രതികരണമാണുണ്ടായത്. കടകളൊന്നും തുറന്നില്ല. നാട്ടുകാരും പുറത്തിറങ്ങിയില്ല.

ജനതാ കർഫ്യൂവിൽ നിശ്ചലമായി പയ്യന്നൂരും പരിസരവും. ഹർത്താലുകൾക്കും അത്യാവശ്യക്കാരായി പുറത്തിറങ്ങുന്ന സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഞായറാഴ്ച പുറത്തിറങ്ങിയില്ല. മറുനാടൻ തൊഴിലാളികളിൽ ചിലർ മാത്രമാണ് രാവിലെ നഗരത്തിലെത്തിയത്. എന്നാൽ വളരെ പെട്ടെന്ന് അവർ പിൻവാങ്ങുകയുംചെയ്തു. മഹാവ്യാധിക്കെതിരേ ജാതി-മത-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കപ്പുറമുള്ള ആശയപരമായ ഒരുമിക്കലാണ് പയ്യന്നൂരിലും പരിസരങ്ങളിലും കണ്ടത്. ബസ് സ്റ്റാൻഡുകളും ടാക്സി സ്റ്റാൻഡുകളും ശൂന്യമായി. റെയിൽവേ സ്റ്റേഷനിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. രാവിലെമുതൽ വീട്ടിൽനിന്ന്‌ പുറത്തിറങ്ങാൻ ആരും തയ്യാറായില്ല.

കോവിഡ് -19 ജാഗ്രതാ നിർദേശങ്ങൾ വന്നതോടെ നഗരത്തിലേക്കുള്ള വരവുകൾ അത്യാവശ്യക്കാരുടേത് മാത്രമായിരുന്നു. സർക്കാരിന്റെ നിർദേശങ്ങൾ മറികടക്കുന്നതിന് വിദേശത്തുനിന്നെത്തിയ ചിലർ വെല്ലുവിളികളോടെ മുന്നോട്ടുവന്നത് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കിയിരുന്നെങ്കിലും അത്തരക്കാർക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായി മാറി ഇന്നലത്തെ ജനങ്ങളുടെ ജാഗ്രത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: