എൻ‌ഡിഎ സ്ഥാനാർഥികൂടി എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് കണ്ണൂരിൽ കനത്ത പോരാട്ടമെന്ന് വിലയിരുത്തൽ

കണ്ണൂർ: എൻ‌ഡിഎ സ്ഥാനാർഥികൂടി എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് കണ്ണൂരിൽ കളം തെളിഞ്ഞു. മുൻ മന്ത്രിമാർ കൂടിയായ സിറ്റിംഗ് എംപി പി.കെ.ശ്രീമതിയും മുൻ എംപി കെ.സുധാകരനും തമ്മിലുള്ള രണ്ടാംവട്ട പോരിനിടയിലേക്ക് ബിജെപി ദേശീയ നിർവാഹകസമിതിയംഗവും മുൻ സംസ്ഥാന പ്രസിഡന്‍റുമായ സി.കെ.പദ്മനാഭന്‍റെ കടന്നുവരവ് അരങ്ങു കൊഴുപ്പിക്കും.
പ്രായത്തിലും രാഷ്‌ട്രീയപാരന്പര്യത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന മൂന്നുപരും കണ്ണൂർ ജില്ലക്കാർ തന്നെയെന്നത് മത്സരത്തിന്‍റെ തീവ്രതയേറ്റുന്നു. തുടക്കംമുതൽ മൂന്നു മുന്നണികളിൽനിന്ന് ഉയർന്നുകേട്ടതും ഇവരുടെ പേരുകൾ മാത്രം. അതുകൊണ്ടുതന്നെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് കാത്തുനിൽക്കാതെ മൂന്നുപേരും നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു.
പതിനാറാം ലോക്സഭയിൽ കേരളത്തിൽനിന്നുള്ള ഒരേയൊരു വനിതാഅംഗമായിരുന്നു പി.കെ.ശ്രീമതി. ഇത്തവണ സിപിഎമ്മിൽനിന്ന് തെരഞ്ഞെടുപ്പുരംഗത്തുള്ള ഏക കേന്ദ്രകമ്മിറ്റിയംഗം. എംപിയെന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കുമൊപ്പം എൽഡിഎഫ് സർക്കാരിന്‍റെ ആയിരം ദിവസത്തെ ഭരണനേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പി.കെ.ശ്രീമതി. അഞ്ചുവർഷവും മണ്ഡലത്തിൽ സജീവമായിരുന്ന എംപിയുടെ ജനകീയത കരുത്താകുമെന്ന് ഇടതുമുന്നണിയും ഉറച്ചുവിശ്വസിക്കുന്നു.
കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നഷ്ടപ്പെട്ട മണ്ഡലം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കൊപ്പം കൊലപാതക രാഷ്‌ട്രീയവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ യുഡിഎഫിനൊപ്പമാണെന്ന് നേതാക്കൾ പറയുന്നു. ശബരിമല വിഷയത്തിൽ ഉറച്ചനിലപാട് സ്വീകരിച്ച കെ.സുധാകരന് അനുകൂലമായി ഇടത്-ബിജെപി കേന്ദ്രങ്ങളിലും ചലനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്.
മുതിർന്ന നേതാവിനെതന്നെ രംഗത്തിറക്കിയതിലൂടെ ശക്തി തെളിയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കോഴിക്കോട്, കാസർഗോഡ്, തിരുവനന്തപുരം, പാലക്കാട് മണ്ഡലങ്ങളിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുള്ള സി.കെ.പദ്മനാഭന് സ്വന്തം നാട്ടിൽ കന്നിയങ്കമാണ്.
മാത്രമല്ല, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്തു ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരമനുഷ്ഠിച്ച സികെപിയിലൂടെ വിശ്വാസികളുടെ വോട്ട് സംരക്ഷിക്കാമെന്നും ബിജെപി കരുതുന്നു.2009ൽ 43,151 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിൽനിന്ന് കെ.സുധാകരൻ പിടിച്ചെടുത്ത മണ്ഡലം കഴിഞ്ഞതവണ 6,566 വോട്ടിനാണ് പി.കെ.ശ്രീമതി തിരിച്ചുപിടിച്ചത്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ പേരിൽ ഇരിക്കൂർ, പേരാവൂർ നിയോജകമണ്ഡലങ്ങളിലുണ്ടായ വോട്ടുചോർച്ചയും ഉയർന്നുവന്ന ആരോപണങ്ങളും ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വ്യതിയാനവും തോൽവിക്കു കാരണമായതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. രണ്ട് അപരൻമാർക്കുകൂടി ലഭിച്ച 6,985 വോട്ടും തിരിച്ചടിയായിരുന്നു.
എന്നാൽ, ഇത്തവണ രാഷ്‌ട്രീയസാഹചര്യങ്ങൾ അനുകൂലമായതും പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നതും മുൻകാലങ്ങളിലില്ലാത്തവിധം തെരഞ്ഞെടുപ്പുരംഗത്ത് നടത്തിയ മുന്നൊരുക്കങ്ങളും മണ്ഡലം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ഉറപ്പിച്ചുപറയുന്നു. മോദിയെ കടന്നാക്രമിച്ചുള്ള രാഹുൽഗാന്ധിയുടെ പ്രഭാവവും യുഡിഎഫിന് ഉണർവുപകർന്ന സ്ഥാനാർഥി നിർണയവും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും നേതാക്കൾ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറന്പ്, കണ്ണൂർ, ധർമടം, മട്ടന്നൂർ മണ്ഡലങ്ങളിൽ എൽഡിഎഫും പേരാവൂർ, ഇരിക്കൂർ, അഴീക്കോട് മണ്ഡലങ്ങളിൽ യുഡിഎഫുമാണ് ജയിച്ചത്. അഴീക്കോട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.എം.ഷാജിയെ അയോഗ്യനാക്കിയത് എൽഡിഎഫ് പ്രചാരണ ആ‍യുധമാക്കും. 1,02,176 വോട്ടാണ് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന്‍റെ ഭൂരിപക്ഷം.
യുഡിഎഫിന്‍റെ കുത്തകയായിരുന്നു കണ്ണൂർ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട്‌വർധന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് നിലനിർത്താൻ കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫിന് കേന്ദ്രങ്ങൾ പറയുന്നു. കേന്ദ്രഭരണത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കുമെന്ന് അഭിപ്രായവുമുണ്ട്.
ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലും തുരുത്തിയിലും കോട്ടക്കുന്നിലുമുണ്ടായ പ്രതിഷേധങ്ങളും തെരഞ്ഞെടുപ്പിൽ അലയടിക്കും.ബിജെപി, എസ്ഡിപിഐ സ്ഥാനാർഥികൾ നേടുന്ന വോട്ടുകൾ മുന്നണികളുടെ വിജയ-പരാജയങ്ങളിൽ നിർണായകമാകും.
ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ടുകൾ കൂടുന്നതായാണ് കണക്കുകൾ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 27,123 വോട്ട് മാത്രം ലഭിച്ച ബിജെപി 2014ൽ 51,636 വോട്ട് നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89,343 വോട്ടാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥി കെ.കെ. അബ്ദുൾ ജബ്ബാറിന് 19,170 വോട്ട് ലഭിച്ചു.ഇത്തവണയും അദ്ദേഹം മത്സരരംഗത്തുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: