ഹൈടെക് സ്‌കൂൾ ഉപകരണങ്ങളുടെ അവധിക്കാല പരിപാലനം നിർദേശങ്ങളായി

സംസ്ഥാനത്ത് 4752 സ്‌കൂളുകളിലെ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഉപകരണങ്ങൾ അവധിക്കാലത്ത് ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സ്‌കൂളുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ നിഷ്‌കർഷിക്കുന്ന സർക്കുലർ കൈറ്റ് പുറത്തിറക്കി.
ലാപ്‌ടോപ്പുകൾ ശരിയായി ഷട്ട് ഡൗൺ ചെയ്ത് പവർ അഡാപ്റ്റർ വിച്ഛേദിച്ച് ബാഗിൽ സൂക്ഷിക്കണം. അവധിക്കാലത്ത് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഇവ ഓൺ ആക്കുകയോ ചാർജ് ചെയ്യുകയോ വേണം. ലാപ്‌ടോപ്പിനു മുകളിൽ ഭാരമുള്ള വസ്തുക്കൾ വെക്കുകയോ ബാഗുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെയ്ക്കുകയോ ഡിസ്‌പ്ലേ വളയ്ക്കുകയോ ചെയ്യരുത്, മൾട്ടിമീഡിയാ പ്രൊജക്ടർ ഓഫാക്കി പവർ കേബിളുകൾ വിച്ഛേദിച്ച് പൊടി, വെള്ളം തുടങ്ങിയവ വീഴാത്തവിധവും ചെറുജീവികൾ അകത്ത് പ്രവേശിക്കാത്ത വിധവും പൊതിഞ്ഞു സൂക്ഷിക്കേണം. റിമോട്ടിന്റെ ബാറ്ററി അഴിച്ചു വെക്കണം.
ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിക്കാത്ത അവസരങ്ങളിൽ ബാറ്ററി ക്യാമറയിൽ നിന്നും വേർപെടുത്തി സൂക്ഷിക്കണം. ക്യാമറയിൽ പൊടി, ഉപ്പ്, മണൽ, ഈർപ്പം തുടങ്ങിയവയുടെ സാന്നിദ്ധ്യം ഉണ്ടാകരുത്. ക്യാമറാ ബാഗിനുള്ളിൽ സിലിക്ക ജെല്ലുകൾ വെയ്ക്കുന്നത് ഈർപ്പത്തിൽ നിന്നും സംരക്ഷിക്കും. യു.എസ്.ബി. സ്പീക്കറുകളും ഈർപ്പം തട്ടാത്തവിധം സൂക്ഷിക്കണം. ഇടിമിന്നൽ സാധ്യത ഉള്ളതിനാൽ പവർ കേബിളുകൾ അഴിച്ചു വെക്കണം.
മാർഗനിർദേശങ്ങൾ പാലിക്കുന്നതിന് സ്‌കൂൾ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ ഐ.ടി. അഡൈ്വസറി കമ്മിറ്റിയുടെ മിനിറ്റ്‌സ് രൂപത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനക്കായി ലഭ്യമാക്കാൻ പ്രഥമാധ്യാപകർ ശ്രദ്ധിക്കണമെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു. സർക്കുലറും വീഡിയോയും www.kite.kerala.gov.in ൽ ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: