കണ്ണൂര്‍ വി സി നിയമനം; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞു: മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സര്‍ക്കാന്‍ നിയമിച്ച വി സി മാര്‍ അക്കാദമിക് മികവുള്ളവരാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടതുപക്ഷം രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നാണ് മന്ത്രി പറയുന്നത്. വസ്തുത വിരുദ്ധമായ പ്രചാരണങ്ങള്‍ ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷം തിരിച്ചറിയണം.സുപ്രിംകോടതിയെ സമീപിക്കേണ്ടവര്‍ സമീപിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്നാണ് വിധിക്കുശേഷം മന്ത്രി പ്രതികരിച്ചത്. പുനര്‍നിയമനം സവിസ്തരം പരിശോധിച്ച് അതില്‍ അപാകതയില്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇത് വസ്തുനിഷ്ഠമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വികസന പ്രകവര്‍ത്തനങ്ങളില്‍ കണ്ണി ചേരാനാണ് യു ഡി എഫ് ശ്രമിക്കേണ്ടതെന്ന് ഓര്‍മിപ്പിക്കുന്നതായും മന്ത്രി ബിന്ദു പറഞ്ഞു.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നിയമനം ചട്ടപ്രകാരമാണ് നടന്നതെന്നാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാരിന് വലിയ ആശ്വാസമാകുകയാണ്. അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് വിവരം.പുനര്‍നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ക്ക് വി സി നിയമനത്തിനുള്ള മാനദണ്ഡങ്ങളില്‍ നിന്ന് നേരിയ വ്യത്യാസമുണ്ടെന്ന വാദമാണ് കോടതിയില്‍ ഉയര്‍ന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. പുനര്‍നിയമിക്കുമ്പോള്‍ ആദ്യ നിമയനത്തിന്റെ നടപടിക്രമങ്ങള്‍ എല്ലാം ആവര്‍ത്തിക്കേണ്ടതില്ലെന്ന് യു ജി സി വ്യക്തമാക്കിയിട്ടുണ്ടെന്നും വാദം കോടതിയില്‍ ഉയര്‍ന്നിരുന്നു.വി സിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന വാദമാണ് ഹര്‍ജിയിലുണ്ടായിരുന്നത്. ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെനറ്റംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയത്. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി മുന്‍പ് സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.കണ്ണൂര്‍ വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത നേരത്തേ തള്ളിയിരുന്നു.മന്ത്രി ആര്‍. ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍. ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്ക് ഒരു പ്രൊപ്പോസല്‍ മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോ ഉളള സ്വതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ട് ഗവര്‍ണര്‍ അത് തള്ളിയില്ലെന്നും അന്ന് കോടതി ചോദിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: