ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ്:വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് ഒരു വിക്കറ്റിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തു. മറുപടിയായി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് അവസാന പന്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി.3 വിക്കറ്റും പുറത്താകാതെ 12 റൺസും എടുത്ത് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് താരം തനീം മാൻ ഓഫ് ദി മാച്ച് ആയി . ടൂർണമെന്റിലെ മികച്ച താരമായി നെട്ടൂർ ക്രിക്കറ്റ് ക്ലബ് താരം ഷറഫുദ്ദീനേയും (71 റൺസും 12 വിക്കറ്റും) മികച്ച ബാറ്റ്സ്മാനായി നെട്ടൂർ ക്രിക്കറ്റ് ക്ലബ് താരം പി.കെ.മുഹമ്മദ് ഫാമിസിനേയും (189 റൺസ്) മികച്ച ബൗളറായി കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം താരം എ.പ്രഥമിനേയും (14 വിക്കറ്റ്) തെരഞ്ഞെടുത്തു. സമ്മാനദാന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.സുരേഷ് ബാബു,സെക്രട്ടറി വി.പി.അനസ്,ട്രഷറർ എ.സി.എം.ഫിജാസ് അഹമ്മദ്, ഭാരവാഹികളായ പി.സതീശൻ, മഹറൂഫ് ആലഞ്ചേരി എന്നിവർ പങ്കെടുത്തു.

രാവിലെ എം.എം.പ്രദീപ് മെമ്മോറിയൽ ട്രോഫിയ്ക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഉദ്ഘാടന മൽസരത്തിൽ തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 87 റൺസിന് തലശ്ശേരി ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 18 ഓവറിൽ 132 റൺസിന് ഓൾ ഔട്ടായി. മറുപടിയായി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ 9 ഓവറിൽ 45 റൺസിന് ഓൾ ഔട്ടായി. 14 റൺസും 4 വിക്കറ്റും വീഴ്ത്തി സെൻറ് ജോസഫ്സ് താരം അശ്വന്ത് വിപിൻ മാൻ ഓഫ് ദി മാച്ച് ആയി. നാളെ (വ്യാഴാഴ്ച) തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിനേയും മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ മണത്തണ ഹയർ സെക്കൻഡറി സ്കൂളിനേയും നേരിടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: