പാലയാട് കാമ്പസില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച 5 പേർ അറസ്റ്റിൽ

ധർമ്മടം:കണ്ണൂര്‍ യൂനിവേഴ്സിറ്റി പാലയാട് കാമ്പസില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ.കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ധ്രുവ് (22) സഞ്ജീവ് (22), വിഷ്ണു (22) ദേവ് (23) ,ബേസിൽ (23) ,അർഷാദ്(22) എന്നിവരെയാണ് ധർമ്മടം എസ്.ഐ.ധന്യാ കൃഷ്ണൻ അറസ്റ്റു ചെയ്തത് . ഇന്നലെ ഉച്ചയോടെയായിരുന്നു അക്രമം.കെ.എസ്.യു ജില്ലാ ജന.സെക്രട്ടറിയും പാലയാട് കാമ്പസിലെ അന്ത്രോപ്പോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഫര്ഹാന് മുണ്ടേരി(25), കെ.എസ്.യു പ്രവര്‍ത്തകരായ എം.സി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആലക്കോട് സ്വദേശി ഹര്‍ഷരാജ്(22), അന്ത്രോപ്പോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി രാഗേഷ് ബാലന് (21) എന്നിവര്‍ക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം നേരിടേണ്ടി വന്നത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാമ്പസിലെ ലീഗല്‍ സ്റ്റഡീസ് സെൻ്ററിലെ ഒന്നാം വര്‍ഷ നിയമ പഠന വിദ്യാര്‍ത്ഥിയായ മുര്‍ഷിദിനെ ശൗചാലയത്തില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മരപട്ടിക കൊണ്ടും മറ്റും മര്‍ദ്ദിക്കുകയായിരുന്നു. കാമ്പസിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കെ.എസ്.യുവിനെതിരെ അപവാദപരമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ സംസാരിച്ചതിന്റെ പേരിലാണ് മുര്‍ഷിദിനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. മുര്‍ഷിദിന് പ്രത്യേക രാഷട്രീയമൊന്നുമുണ്ടായിരുന്നില്ല. കണ്ണിന് ഗുരുതരമായി പരിക്കേറ്റ മുര്‍ഷിദും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുര്‍ഷിദിന് നേരെ നടന്ന അക്രമത്തിന് തുടര്‍ച്ചയായാണ് കെ.എസ്.യു നേതാക്കളെ ഉള്‍പ്പെടെ സംഘടിച്ചെത്തിയ ഒരു സംഘം അക്രമിച്ചത്. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പാലയാട് കാമ്പസില്‍ യൂനിറ്റ് രൂപീകരിക്കുകയും മത്സരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറയുന്നു