മണ്ണും പൊടിയും നിറഞ്ഞ മൈതാനത്ത് നിസ്കരിക്കേണ്ട; മഗ്‌രിബ് നമസ്കാരത്തിന് പള്ളി ഹാൾ തുറന്ന് കൊടുത്ത് എടൂർ സെന്റ് മേരീസ് ഫെറോനാ പള്ളി മത സൗഹാർദ്ധത്തിന് മാതൃകയായി

എടൂർ: മസ്ജിദ് ഇല്ലാത്തയിടത്ത് മഗ്‌രിബ് നിസ്‌കാരത്തിനു പള്ളി ഹാൾ തുറന്നു നൽകി കത്തോലിക്കാ പള്ളി അധികൃതർ മതസൗഹാർദതയുടെ പുത്തൻ മാതൃകയായി. എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലുള്ള മെൻസാ ക്രിസ്റ്റി ഹാളാണ് ഫൊറോനാ വികാരി ഫാ. ആന്റണി മുതുകുന്നേൽ മുസ്‌ലിം സഹോദരങ്ങൾക്കു നിസ്‌കാരത്തിനായി തുറന്നു നൽകിയത്.കഴിഞ്ഞ ദിവസം ആറളം പൗരാവലിയുടെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ ആറളത്തു നിന്ന് എടൂരിലേക്കു ലോങ് മാർച്ച് നടത്തിയിരുന്നു.

സമാപന സ്ഥലമായ എടൂരിൽ മാർച്ച് എത്തിയപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. മുസ്‌ലിം പള്ളി ഇല്ലാത്തതിനാൽ പള്ളി വക സ്‌കൂൾ മൈതാനം മുസ്‌ലിം സഹോദരങ്ങൾക്ക് സന്ധ്യാ പ്രാർഥന (നിസ്‌കാരം) നിർവഹിക്കാനായി അനുവദിക്കുമോയെന്നു ബന്ധപ്പെട്ടവർ ഫൊറോനാ വികാരിയോടു ചോദിച്ചിരുന്നു.

മണ്ണും പൊടിയും നിറഞ്ഞ മൈതാനത്ത് നിസ്കാരം നടത്തുന്നത് ബുദ്ധിമുട്ടായതിനാൽ പള്ളിയുടെ ഹാൾ തന്നെ വികാരിയുടെ നേതൃത്വത്തിൽ തുറന്നു നൽകുകയായിരുന്നു. പള്ളി അധികൃതരുടെ മതസൗഹാർദ നിലപാടിനെ ലോങ് മാർച്ച് സമാപനത്തിൽ പങ്കെടുത്ത സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: