വയോമിത്രം ബ്ലോക്കുകളിലേക്ക്  വ്യാപിപ്പിക്കും-കെ കെ ശൈലജ 

വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വയോമിത്രം പദ്ധതി ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ- സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചർ അഴീക്കോട് ഗവ. വൃദ്ധമന്ദിരത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറുപത് വയസിന് മുകളിലുള്ള വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ക്ഷേമത്തിനുമായുള്ള പദ്ധതികളാണ് വയോമിത്രം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നിലവിൽ കോർപറേഷൻ, മുൻസിപ്പാലിറ്റി പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിയ വയോമിത്രം പദ്ധതിക്ക് ദേശീയപുരസ്‌കാരമായ വയോശ്രേഷ്ഠ അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനെ പിൻപറ്റിയാണ് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. 

ഉയർന്ന സാമ്പത്തികശേഷിയുള്ളവർക്ക് പണമടച്ച് പ്രവേശനം നേടാൻ സാധിക്കുന്ന വൃദ്ധമന്ദിരങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വീടിനകത്ത് ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്നവർക്ക് സംരക്ഷണം നൽകുന്നതിന് സർക്കാരിനും സമൂഹത്തിനും ചുമതലയുണ്ട്. അതിനാൽ ‘വളരുന്ന കേരളം വളർത്തിയവർക്ക് ആദരം’ എന്ന സന്ദേശമുയർത്തി സർക്കാർ വിവിധ പരിപാടികൾ നടപ്പിലാക്കി വരുന്നുണ്ട്. വൃദ്ധമന്ദിരങ്ങളെല്ലാം വീട് വിട്ടാൽ മറ്റൊരു വീട് എന്ന നിലയിൽ ആകർഷകമാക്കാൻ തീരുമാനിച്ചു. എന്നാൽ ആദ്യ വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പണം വീതിച്ചു നൽകിയെങ്കിലും പ്രകടമായ മാറ്റം കാണാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഒരു വൃദ്ധ മന്ദിരം മാതൃകയായെടുത്ത് നവീകരിച്ചത്. ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ സഹായം ഇതിനായി ലഭിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് വീടുകളിൽ തന്നെ സുരക്ഷിതതാവളം ഒരുക്കുന്നതിനാണ് സർക്കാർ പ്രോത്സാഹനം നൽകുന്നത്. നിയമം കർശനമായി നടപ്പാക്കാനും അദാലത്ത് നടത്തി കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടമായി വൃദ്ധമന്ദിരങ്ങൾ നവീകരിക്കും. ആദ്യഘട്ടം അഞ്ചെണ്ണവും തുടർന്ന് 2021 നുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വൃദ്ധമന്ദിരങ്ങളും നവീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു. വൃദ്ധമന്ദിരങ്ങളുടെ മുഴുവൻ അപര്യാപ്തതകൾ മാറ്റി ആകർഷകമാക്കി, ആശങ്കയില്ലാതെ സുഖമായി ഉറങ്ങാൻ കഴിയുന്ന വിധത്തിൽ സൗഹൃദാന്തരീക്ഷം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.  

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: