പ്രളയം: വീട് ഭാഗികമായി തകര്‍ന്നവര്‍ക്ക് ജില്ലയില്‍ നല്‍കിയത് 6.42 കോടി;  ധനസഹായം ലഭിച്ചത് 3104 കുടുംബങ്ങള്‍ക്ക്

പ്രളയത്തിലും കാലവര്‍ഷത്തിലും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാര ഇനത്തില്‍ മാത്രം ജില്ലയില്‍ വിതരണം ചെയ്തത് 6,42,45,786 രൂപ. 3104 കുടുംബങ്ങള്‍ക്കായാണ് ഈ തുക വിതരണം ചെയ്തത്. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്കും വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്നതിന് പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീ ബില്‍ഡ് കേരള) പ്രത്യേക സ്‌കീമുകള്‍ ജില്ലയില്‍ നടപ്പിലാക്കിവരികയാണ്. 

ജില്ലയില്‍ രൂക്ഷമായ പ്രളയ ദുരിതമുണ്ടായ ഇരിട്ടി താലൂക്കിലാണ് ഏറ്റവുമധികം തുക ധനസഹായമായി നല്‍കിയത്. 891 വീടുകള്‍ക്കായി 2,72,13,671 രൂപയാണ് ഭാഗികമായി നാശമുണ്ടായ വീടുകള്‍ക്കുള്ള നഷ്ടപരിഹാരമായി ഇവിടെ നല്‍കിയത്. പ്രളയത്തില്‍ നാശനഷ്ടം നേരിട്ട മുഴുവന്‍ പേര്‍ക്കും ഇതിനകം നഷ്ടപരിഹാരത്തുക നല്‍കി. 2018 ജൂണ്‍ മുതല്‍ കാലവര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ക്ക് നാശമുണ്ടായ 230 പേര്‍ക്ക് ഇരിട്ടി താലൂക്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ ശേഷിക്കുന്നുണ്ട്. ഇയാഴ്ചയോടെ തന്നെ ഇവര്‍ക്കും തുക നല്‍കാന്‍ കഴിയുമെന്ന് തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു. 

തലശ്ശേരി താലൂക്കില്‍ 827 വീടുകള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുണ്ടായിരുന്നത്. ഇത് പൂര്‍ണമായി നല്‍കി. ആകെ 1,53,96,638 രൂപയാണ് വിതരണം ചെയ്തത്. തളിപ്പറമ്പ് താലൂക്കില്‍ 297 വീടുകള്‍ക്ക് നാശനഷ്ടം നേരിട്ട 289 കുടുംബങ്ങള്‍ക്കായി 1,21,80,091 രൂപ വിതരണം ചെയ്തു. അവശേഷിക്കുന്ന എട്ട് കേസുകള്‍ തദ്ദേശസ്ഥാപനങ്ങളോട് കൂടുതല്‍ വിശദാംശം തേടിയിരിക്കുകയാണ്. ഇത് ലഭിക്കുന്ന മുറക്ക് ഇവര്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും.

പയ്യന്നൂരില്‍ 421 പേര്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുണ്ടായിരുന്നത്. മുഴുവന്‍ പേര്‍ക്കും തുക നല്‍കി. 19,20,000 രൂപയാണ് ഇവിടെ വിതരണം ചെയ്തത്. കണ്ണൂരില്‍ ആനുകൂല്യം ലഭിക്കേണ്ട 682 പേരില്‍ 676 പേര്‍ക്കായി 75,35,386 രൂപ വിതരണം ചെയ്തു. ശേഷിക്കുന്ന ആറ് കേസുകളില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കവും മറ്റും കാരണം ധനസഹായം വിതരണം ചെയ്യാന്‍ സാധിച്ചില്ല.  

ഇരിട്ടി താലൂക്കില്‍ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി നല്‍കുന്നതിനും പദ്ധതി രൂപീകരിച്ചിരുന്നു. ഇത് പ്രകാരം 16 കുടുംബങ്ങള്‍ക്ക് പുതുതായി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്യുന്നതിന് 41,65,000 രൂപ നല്‍കി. 

പ്രളയത്തില്‍ വീടുകള്‍ക്ക് 15 ശതമാനം വരെ നഷ്ടമുണ്ടായതായി കണക്കാക്കിയ 405 പേര്‍ക്ക് 10,000 രൂപ വീതവും 29 ശതമാനം നഷ്ടമുണ്ടായ 153 പേര്‍ക്ക് 60,000 രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കിയത്. 30 മുതല്‍ 50 ശതമാനം വരെ നാശമുണ്ടായ വീടുകള്‍ക്ക് 1,25,000 രൂപയാണ് നഷ്ടപരിഹാരം. 100 കുടുംബങ്ങളാണ് ഈ വിഭാഗത്തിലള്ളത്. 74 ശതമാനം വരെ നാശം നേരിട്ട 75 കുടുംബങ്ങളും താലൂക്കിലുണ്ട്. ഇവര്‍ക്ക് 2,50,000 രൂപയാണ് ലഭിക്കുക. ഈ രണ്ട് വിഭാഗത്തിലുമുള്ളവര്‍ക്ക് ഒന്നാം ഗഡുവായി യഥാക്രമം 50000 രൂപയും 75000 രൂപയും നല്‍കി. വീട് നിര്‍മാണ പുരോഗതി വിലയിരുത്തി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്ക് അടുത്ത ഗഡുക്കള്‍ അനുവദിക്കുക.

ഇരിട്ടി താലൂക്കില്‍ വീട് പൂര്‍ണമായി തകര്‍ന്ന കുടുംബങ്ങള്‍ 81 ആണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 16 കുടുംബങ്ങള്‍ക്ക് വീടിനൊപ്പം സ്ഥലവും പൂര്‍ണമായി നഷ്ടമായിരുന്നു. പുഴ പുറമ്പോക്കിലെ താമസക്കാരായ 18 കുടുംബങ്ങള്‍ക്കും വീട് പൂര്‍ണമായി നഷ്ടപ്പെട്ടു. ആകെ 115 കുടുംബങ്ങളാണ് ഇങ്ങനെ പൂര്‍ണമായി ഭവന രഹിതരായത്. ഇവര്‍ക്ക് റീബില്‍ഡ് കേരള പദ്ധതിയില്‍ വീട് നിര്‍മിച്ചു കൊടുക്കുന്നതിനുള്ളള നടപടികളും അതിവേഗം പുരോഗമിക്കുകയാണ്. സ്വന്തം ഉത്തരവാദിത്തത്തില്‍ പുതിയ വീട് നിര്‍മിക്കാന്‍ സന്നദ്ധരായവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കുകയും അല്ലാത്തവര്‍ക്ക് വിവിധ സ്‌കീമുകളിലും ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയും വീട് നിര്‍മിച്ചുനല്‍കുകയുമാണ് ചെയ്യുന്നത്. സ്വന്തം നിലയില്‍ വീട് നിര്‍മിക്കാന്‍ സന്നദ്ധരായ 79 പേര്‍ക്ക് ആദ്യ ഗഡുവായ 95100 രൂപ വീതം ആകെ 7512900 രൂപ നല്‍കി. നിര്‍മാണം പൂര്‍ത്തിയാക്കുന്ന മുറക്ക് ഘട്ടം ഘട്ടമായാണ് ബാക്കി ഗഡുക്കള്‍ നല്‍കുക. 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: