കണ്ണൂരില്‍ പ്രണയത്തിന്റെ പേരില്‍ അക്രമം; യുവാവിന്റെ വീടിനും ബൈക്കിനും തീയിട്ടു

പ്രണയത്തിന്റെ പേരില്‍ കണ്ണൂരില്‍ യുവാവിന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് കക്കാട് അതിരകം കൊളേക്കര തായത്ത് അക്ബര്‍ അലിയുടെ ‘സല്‍വാസ്’ എന്ന വീടിനു നേരെ ആക്രമണമുണ്ടായത്. പ്രണയത്തിന്റെ പേരിലുള്ള ശത്രുതയാണ് ആക്രമത്തില്‍ കലാശിച്ചത്. അക്ബറിന്റെ മകന്‍ മത്സ്യതൊഴിലാളിയായ പി.കെ. അസ്‌കര്‍ അലി സമീപത്തു താമസിക്കുന്ന എംബിബിഎസ് വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.

ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു അസ്‌കര്‍ അലിയുടെ വീടിനും ബൈക്കിനും ചിലര്‍ തീയിട്ടത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വീട്ടുപകരണങ്ങളും കത്തിനശിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്.

അസ്‌കര്‍ അലിയും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന് വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെയും അസ്‌കര്‍ അലിയുടെയും വീട്ടുകാര്‍ തമ്മില്‍ വാക്ക് തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല. അതിനാല്‍ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ പഠനത്തിന് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിലെത്തുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് യുവതിയുടെ സഹോദരനും അമ്മാവനും അസ്‌കര്‍ അലിയുടെ വീട്ടിലെത്തി അക്രണം നടത്തിയിരുന്നതായി പരാതിയുണ്ട്. ഇവരുടെ അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അസ്‌കര്‍ അലി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. തുടര്‍ന്ന് വീടു കത്തിക്കുമെന്ന് ഭീഷണി മുഴക്കിയായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിരിഞ്ഞുപോയത്. സംഭവത്തെ തുടര്‍ന്നു വീട്ടുകാര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ചിലര്‍ വീടിന് തീവെച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: