നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല; മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു; വൻ പ്രതിഷേധം

നിയമസഭാ സമ്മേളനം വിളിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളിക്കളയാൻ ഗവർണർക്ക് അധികാരമില്ല. കത്തിൽ മുഖ്യമന്ത്രി തുടർന്നു.

ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തിൽ ഉന്നയിച്ച വസ്തുതകൾ

1- അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്.

2- ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരം ഇല്ല.

3 – രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള കേസിൽ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

4- നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: