ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കാം

0

ഹെപ്പറ്റൈറ്റിസ് വൈറസ് ബാധക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ മരണ കാരണമായ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ ആഗോള പൊതുജനാരോഗ്യ പ്രശ്‌നമാണ്. എച്ച് ഐ വി ബാധിച്ചുളള മരണങ്ങളേക്കാള്‍ കൂടുതലാണ് ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍. 2030 ഓടു കൂടി ഹെപ്പറ്റൈറ്റിസ് വൈറസിനെ ഭൂമുഖത്തു നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ്.

ഇതുവരെ എ ബി സി ഡി ഇ എന്നിങ്ങനെ 5 തരം ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങളില്‍ 96 ശതമാനവും ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ മൂലമാണ് സംഭവിക്കുന്നത്. നേരത്തെയുളള രോഗ നിര്‍ണ്ണയം രോഗ ചികിത്സ കൂടുതല്‍ എളുപ്പവും ഫലപ്രദവുമാക്കും. അതുകൊണ്ട് രോഗസാധ്യതയുളളവര്‍ രക്ത പരിശോധയ്ക്ക് വിധേയരാകണം.
ഹെപ്പറ്റൈറ്റിസ് ബി, സി രക്ത പരിശോധന, പ്രതിരോധ കുത്തിവെയ്പ്പ്്, ഹെപ്പറ്റൈറ്റിസ് ഇമ്മ്യൂണോ ഗ്ലോബിന്‍, രോഗ ചികിത്സ എന്നിവ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ജില്ലയില്‍ ഗവ.മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഇതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

സുരക്ഷിതമല്ലാത്ത കുത്തിവെയ്പ്പുകളിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പ്രധാനമായും പകരുക. ഒരാള്‍ക്ക് ഉപയോഗിച്ച സൂചികളും സിറിഞ്ചുകളും വീണ്ടും ഉപയോഗിക്കുക വഴിയാണ് ഇത് സംഭവിക്കുക. സൂചി പങ്ക് വെച്ച് മയക്കു മരുന്ന് കുത്തിവെക്കുന്നവര്‍ക്കും ഹെപ്പറ്റൈറ്റിസ് ബി, സി പകരാനുളള സാധ്യത വളരെ കൂടുതലാണ്. വ്യക്തിഗത സാമഗ്രികളായ ബ്ലേഡ്, ഷേവിംഗ് റേസര്‍, നഖം വെട്ടി, ടൂത്ത് ബ്രഷ് മുതലായവ പങ്കു വെച്ച് ഉപയോഗിക്കുന്നതും രോഗം പകരാന്‍ ഇടയാക്കും. ചെവി, മൂക്ക് പോലുളള ശരീര ഭാഗങ്ങള്‍ കുത്തുമ്പോഴും, ശരീരത്തില്‍ പച്ച കുത്തുമ്പോഴും അണുബാധിതരില്‍ കുത്തിയ സൂചിയോ പച്ച കുത്തുന്ന മഷിയോ വീണ്ടും ഉപയോഗിക്കുന്നതിലൂടെയും രോഗ പകര്‍ച്ചയുണ്ടാകാം. ഭിന്നവര്‍ഗ്ഗ – സ്വവര്‍ഗ്ഗ ലൈംഗിക ബന്ധങ്ങളും സുരക്ഷിതമല്ലാത്ത ലൈംഗിക ശീലങ്ങളും പുലര്‍ത്തുന്നവരില്‍് രോഗബാധയ്ക്കുളള സാധ്യതയേറും. രക്തം സ്വീകരിക്കുമ്പോഴോ, ഡയാലിസിസിന് വിധേയമാക്കുമ്പോഴോ അണുബാധയുളള രക്തത്തിന്റെയും രക്ത ഘടകങ്ങളുടെയും സ്വീകരണം ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്ക് കാരണമായേക്കാം.

അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്നതാണ് ഹൈപ്പറ്റൈറ്റിസ് ബിയുടെ പ്രധാന പകര്‍ച്ചാ രീതി. അതിനാല്‍ എല്ലാ ഗര്‍ഭിണികളും ഹെപ്പറ്റൈറ്റിസ് ടെസ്റ്റിന് വിധേയരാകേണ്ടത് അത്യാവശ്യമാണ്. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് ആയ ഗര്‍ഭിണികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ വെച്ച് മാത്രം നടത്താന്‍ ശ്രദ്ധിക്കണം. നവജാത ശിശുക്കള്‍ക്ക് പ്രസവിച്ച് 24 മണിക്കൂറിനുളളില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമായും നല്‍കേണ്ടതും ഹെപ്പറ്റൈറ്റിസ് ബി കണ്ടെത്തിയ അമ്മയ്ക്ക് പിറക്കുന്ന കുഞ്ഞിന് പ്രതിരോധ കുത്തിവെയ്പ്പിനോടൊപ്പം ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യൂണോ ഗ്ലോബിന്‍ കൂടി നല്‍കണം.

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ പകര്‍ച്ചാ രീതികളെക്കുറിച്ച് ബോധവാന്‍മാരാകുകയും അത്തരം സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading