സാങ്കേതിക നൂലാമാലകളുടെ പേരിൽ നീതി നിഷേധിക്കരുത്: കെ ബൈജുനാഥ്

സാങ്കേതിക നൂലാമാലകളുടെ പേരിൽ നീതി നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. മനുഷ്യാവകാശത്തെക്കുറിച്ച് കേരള മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള ഓരോ ഫയലും മനുഷ്യാവകാശത്തെ സംരക്ഷിക്കുന്നതാവണം. അപേക്ഷയുമായി മുന്നിലെത്തുന്നവരുടെ മുന്നിൽ മനുഷ്യനായി മാറാൻ ഉദ്യോഗസ്ഥർക്ക് സാധിക്കണം. നീതിയിലേക്കുള്ള പാതയാണ് നിയമം. മനുഷ്യാവകാശ ലംഘനമെന്നത് പൊലീസുമായി മാത്രം ബന്ധപ്പെടുത്തി നടത്തേണ്ട പരാമർശമല്ലെന്നും അതിൽ മറ്റ് എല്ലാ ഉദ്യോഗസ്ഥരും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ജീവനും സ്വാതന്ത്ര്യവും സമത്വവും അന്തസ്സും കാത്ത് സൂക്ഷിച്ചു കൊണ്ട് ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യനുമുണ്ട്. അത് ഔദാര്യമല്ല, ജന്മസിദ്ധമാണ്-ബൈജുനാഥ് പറഞ്ഞു. സാമൂഹ്യ വത്കരണം കുടുംബങ്ങളിൽ തുടങ്ങണം. പരസ്പരം പങ്കുവെക്കാനുള്ള പാഠങ്ങൾ പുതു തലമുറക്ക് പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം അഞ്ജു മോഹൻ, എൽ എ ഡെപ്യൂട്ടി കലക്ടർ ടി വി രഞ്ജിത്ത്, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: