സർവേ നടപടികൾ പൂർത്തിയായി – പടിയൂർ ടൂറിസം പദ്ധതിക്കായി പഴശ്ശി പദ്ധതിയുടെ പച്ചത്തുരുത്തുകൾ ഒരുങ്ങുന്നു

ഇരിട്ടി : പഴശ്ശി പദ്ധതി പ്രദേശത്തെ വെള്ളം കയറാത്ത പച്ചത്തുരുത്തുകളെ പ്രയോജനപ്പെടുത്തി നടപ്പാക്കാനുദ്ദേശിക്കുന്ന പടിയൂർ ടൂറിസം പദ്ധതിയുടെ സർവേ നടപടികൾ പൂർത്തിയായി. പഴശ്ശിയുടെ 68 ഏക്കറോളം വരുന്ന പുൽത്തകിടികളും പച്ചത്തുരുത്തുകളും, അകംതുരുത്തി ദ്വീപ് , സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കൈവശമുള്ള പെരുമ്പറമ്പ് മഹാത്മാഗാന്ധി പാർക്ക്, വള്ള്യാട് സഞ്ജീവനി വനം എന്നിവയെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഇക്കോ ടൂറിസം പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ബൊട്ടാണിക്കൽ ഗാർഡൻ, പൂന്തോട്ടം, പാർക്കുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
മട്ടന്നൂർ എം എൽ എ കെ.കെ. ശൈലജയാണ് പദ്ധതികൾക്ക് മുൻകൈയെടുക്കുന്നത്. ജലവിഭവ വകുപ്പിന്റെ കൈവശമുള്ള സ്ഥലങ്ങൾ വിട്ടുകിട്ടുന്നതിനായുള്ള മന്ത്രിതല ചർച്ചകൾ നടന്നു കഴിഞ്ഞു. പഴശ്ശിയിൽ വെള്ളമുയർത്തിയാലും വെള്ളം കയറാത്ത പ്രദേശങ്ങൾ ടൂറിസം പദ്ധതിക്കായി വിട്ടു കിട്ടുവാനുള്ള നടപടികളും ഉടൻ ഉണ്ടാകും. സി. രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന്റെ കരട് രൂപരേഖ തയ്യാറാക്കിയത്. ഇത് വിദഗ്ധ സംഘം വ്യക്തമായി പഠിച്ചതിന് ശേഷമാണ് പദ്ധതിക്ക് അനുകൂലമായ നടപടികൾ ഉണ്ടായിരിക്കുന്നത്. പ്രേദേശത്തേക്കുള്ള റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന നടപടികൾ ഉടനെ ഉണ്ടാകും. ഇതിനുള്ള തുകയും താമസംവിനാ വകയിരുത്തുമെന്നാണ് അറിയുന്നത്.
പി.വി. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. ആർ. അഭിരാമി, പ്രമോദ് കുമാർ, കെ. അക്ഷര, ജയന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആർക്കിടെക്റ്റുമാരുടെ സംഘവും റിപ്പോർട്ട് തയ്യാറാകാനായി സ്ഥലം സന്ദർശിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, സിബി കാവനാൽ, സി. രമേശൻ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: