തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നീക്കം: ബിജെപി

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചവരേയും പിന്താങ്ങിയവരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സിപിഎം നടപടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആന്തൂര്‍, മുഴക്കുന്നിലെ മുടക്കോഴി, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളില്‍ പത്രിക സമര്‍പ്പിച്ചവരേയും പിന്താങ്ങിയവരേയും സിപിഎം സംഘം ഭീഷണിപ്പെടുത്തുകയുണ്ടായി. ഇത് തെരഞ്ഞെടുപ്പ് ദിവസം കളളവോട്ടും വോട്ടുപിടുത്തവും അക്രമവും നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള പാര്‍ട്ടിയുടെ നീക്കത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തും ജില്ലയിലാകമാനവും സിപിഎമ്മിനെതിരായി നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യം തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയായി മാറുമെന്നതിനാലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. ബിജെപി ജില്ലയിലാകമാനം മികച്ച വിജയം കൈവരിക്കും. തെരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന വിലയിരുത്തലുകള്‍ അതാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സിപിഎമ്മിന്റെ ഭീഷണി വകവെയ്ക്കാതെ ഇത്തവണ നിരവധി സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചു. ആന്തൂര്‍ ഉള്‍പ്പെടെയുളള ചില സ്ഥലങ്ങളില്‍ സിപിഎം നേതാക്കള്‍ നേരിട്ട് ബിജെപി സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആന്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്രനെ പിന്തുണച്ച കുടുംബത്തെ ഒന്നാകെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. ചൊക്ലിയിലും മുടക്കോഴിയിലും സമാനമായി സിപിഎം സംഘം സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി. ജനാധിപത്യപരമായി വോട്ട് ചെയ്താല്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്നതിനാലാണ് കളളവോട്ടിനും ബൂത്ത് പിടുത്തത്തിനും തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും സിപിഎമ്മിന്റെ നടപടികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും തയ്യാറാവണം. ജനാധിപത്യ പ്രക്രിയ സുഗമമാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടേയും മകന്റെ മയക്കുമരുന്നു ബന്ധത്തിന്റെ പേരില്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച പാര്‍ട്ടി സെക്രട്ടിയുടേയും നാടായ കണ്ണൂരില്‍ സിപിഎം അണികള്‍ക്കിടയില്‍ പോലും ഇവരുടെ അരുതായ്മകള്‍ ചര്‍ച്ചചെയ്യയപ്പെടുകയാണ്. കോണ്‍ഗ്രസാവട്ടെ ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയിലാണ്. ഇതെല്ലാം കൊണ്ടുതന്നെ തെരഞ്ഞെടുപ്പ് വിജയം ജില്ലയിലും ബിജെപിക്കനുകൂലമാവും. കൂടാതെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ബിജെപിയുടെ വിജയത്തിന് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ട്രഷറര്‍ യു.ടി. ജയന്തന്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: